Skip to main content

ആലുവയ്ക്കും വൈപ്പിനും തിരുമാറാടിക്കും അഭിനന്ദനം, തൃക്കാക്കരയ്ക്ക് രൂക്ഷ വിമര്‍ശനം

കാക്കനാട്: 63.31% പദ്ധതി ചെലവുമായി സംസ്ഥാനത്ത് തന്നെ ഏറ്റവും മുന്നിലെത്തിയ ആലുവ നഗരസഭയ്ക്ക് മന്ത്രി കെ.ടി. ജലീലിന്റെ അഭിനന്ദനം. 57.52% ത്തോടെ മുന്നിലെത്തിയ തിരുമാറാടി ഗ്രാമപഞ്ചായത്തിനും 44.62% ത്തോടെ മുന്നിലെത്തിയ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിനും മന്ത്രി അഭിനന്ദനമറിയിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ തദ്ദേശ സ്ഥാപനങ്ങളെയും പിന്നിലായ മൂന്ന് തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മന്ത്രിയും തദ്ദേശ സ്ഥാപന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിലയിരുത്തി. 2017 നവംബര്‍ 17വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം, ഗ്രാമപഞ്ചായത്തുകളില്‍ 55.47% പദ്ധതി ചെലവുമായി അശമന്നൂര്‍ രണ്ടാം സ്ഥാനത്തും 49.56% വുമായി ചോറ്റാനിക്കര മൂന്നാം സ്ഥാനത്തുമാണ്. പദ്ധതി ചെലവില്‍ ഏറ്റവും പിന്നിലുള്ളത് കീരംപാറ (14.70%), കുന്നത്തുനാട് (15.80%), മൂക്കന്നൂര്‍ (16.60%) പഞ്ചായത്തുകളാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ വൈപ്പിന്‍(44.62%), കൂവപ്പടി (44.03%), പാമ്പാക്കുട (40.27%) എന്നിവ മുന്നിലും പള്ളുരുത്തി (12.28%), കോതമംഗലം (20.64), ആലങ്ങാട് (21.12) എന്നിവ പിന്നിലുമാണ്. നഗരസഭകളില്‍ നോര്‍ത്ത് പറവൂര്‍ (44.36% ) രണ്ടാമതും അങ്കമാലി (39.57% ) മൂന്നാമതുമാണ്. നഗരസഭകളില്‍ തൃക്കാക്കര (16.29%), കൂത്താട്ടുകുളം (19.52%), പിറവം (19.82%) എന്നിവയാണ് ഏറ്റവും പിന്നില്‍. 

ജനപ്രതിനിധികളുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം മൂലമാണ് മികച്ച പ്രവര്‍ത്തം കാഴ്ചവെക്കാനായതെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പറഞ്ഞു. എന്നാല്‍ പദ്ധതി ചെലവില്‍ ഏറ്റവും പിന്നിലുള്ള തൃക്കാക്കര നഗരസഭയ്ക്ക് രൂക്ഷ വിമര്‍ശനമാണ് മന്ത്രിയില്‍ നിന്നും തദ്ദേശ സ്ഥാപന പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. നഗരസഭ സെക്രട്ടറിയും വൈസ് ചെയര്‍പേഴ്‌സണുമാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്. പല റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്ന കാര്യത്തില്‍ വലിയ കാലതാമസമാണ് നഗരസഭ വരുത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. മുന്‍വര്‍ഷം അവസാന ഏഴു ദിവസം കൊണ്ടാണ് 60% എക്‌സ്‌പെന്‍ഡിച്ചര്‍ പൂര്‍ത്തീകരിച്ചതെന്നും ഹോട്ടലില്‍ മുറിയെടുത്ത് ബില്ലുകള്‍ എഴുതി തീര്‍ക്കുകയായിരുന്നില്ലേയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ചോദിച്ചു. സംസ്ഥാനത്ത് തനത് ഫണ്ട് കൊണ്ട് സമ്പന്നമായ നഗരമാണ് തൃക്കാക്കര. എന്നിട്ടും പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നിലും. പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലും ഏറെ പിന്നിലാണെന്നും വിമര്‍ശനമുയര്‍ന്നു. ഹോട്ടലില്‍ നിന്ന് ബില്ലുകളെഴുതുന്ന പതിവ് ഇനിയുണ്ടാകരുതെന്നും മന്ത്രി താക്കീത് ചെയ്തു.

date