സാങ്കേതികാടിത്തറയില്‍ കയര്‍മേഖലയെ പുനഃസംഘടിപ്പിച്ച് ആധുനീകരിക്കും -മന്ത്രി ഡോ. തോമസ് ഐസക് * 'കയര്‍ കാര്‍ണിവല്‍ 2017'ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
ഏതാനും വര്‍ഷം കൊണ്ട് സാങ്കേതികാടിത്തറയില്‍ കയര്‍ മേഖലയെ പുനഃസംഘടിപ്പിച്ച് ആധുനിക വ്യവസായമായി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ധനകാര്യ-കയര്‍ വികസന മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പരമ്പരാഗതമായി കയര്‍ പിരിക്കുന്നവരുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വിപണന അവസരം നല്‍കുന്നതിനൊപ്പം യന്ത്രവത്‌വകരണം പ്രോത്‌സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കയര്‍ വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'കയര്‍ കാര്‍ണിവല്‍ 2017'ന്റെ ഉദ്ഘാടനം പാളയത്തെ വിപണനകേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചകിരിയുണ്ടാക്കുന്നതിലും, കയര്‍ പിരിക്കുന്നതിലും നെയ്യുന്നതിലും യന്ത്രവത്കരണത്തെ പ്രോത്‌സാഹിപ്പിക്കും. സാധാരണ യന്ത്രങ്ങള്‍ക്ക് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറികളും സ്ഥാപിക്കും. അതേസമയം, പരമ്പരാഗതമായി കയര്‍ പിരിക്കുന്നവര്‍ എത്ര ഉത്പന്നങ്ങള്‍ ഉണ്ടാക്കിയാലും സര്‍ക്കാര്‍ വാങ്ങി വിപണനം ചെയ്യും. നഷ്ടമുണ്ടായാല്‍ സര്‍ക്കാര്‍ സഹിക്കും. തൊഴിലാളികള്‍ പരമ്പരാഗതമായി ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഒന്നു വീതം സ്റ്റാളുകള്‍ മൂന്നുവര്‍ഷം കൊണ്ട് തുറക്കാന്‍ ആലോചനയുണ്ട്. ഇത്തരം വിപണന കാമ്പയിന്റെ ഭാഗമായാണ് 50 ശതമാനം വരെ വിലക്കുറവില്‍ കയറുത്പന്നങ്ങള്‍ വില്‍ക്കാന്‍ സ്റ്റാളുകള്‍ തുറക്കുന്നത്. ഇതുപോലെ കൈത്തറി തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ സ്‌കൂള്‍ യൂണിഫോം നെയ്യല്‍ അവരെ ഏല്‍പ്പിച്ചതും ഇതേ സമീപനത്തിന്റെ ഭാഗമാണ്. അഞ്ചുവര്‍ഷം കൊണ്ട് കയര്‍ വ്യവസായത്തെ സമൂലമായി പുനഃസംഘടിപ്പിക്കുന്നതിനുള്ള ഒരു വ്യവസായ പുനസംഘടനാ പദ്ധതിയാണ് അവതരിപ്പിക്കുന്നത്. പരമ്പരാഗത തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ അഭിമാനപൂര്‍വം ചെയ്യാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. പരമ്പരാഗത മേഖലയെ സഹായിക്കാന്‍ വിപണിയില്‍ സര്‍ക്കാര്‍ വലിയതോതില്‍ ഇടപെടുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പൈതൃകസ്വത്തായ കയര്‍ ഉത്പന്നങ്ങളുടെ വിപണനവും, സമഗ്ര പ്രചാരണവും ലക്ഷ്യമിട്ടാണ് വിപണനമേള സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലുമായി 118 കേന്ദ്രങ്ങളിലാണ് ഒരു മാസം നീളുന്ന മേള നടത്തുന്നത്. മേളയില്‍ ഉപഭോക്താക്കള്‍ക്കായി സമ്മാനപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ആയിരം രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് രണ്ടായിരം രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. കൂടാതെ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഓരോ പവന്‍ സ്വര്‍ണസമ്മാനവും ബമ്പര്‍ സമ്മാനമായി കാറും കയര്‍ കാര്‍ണിവലിലൂടെ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരമാവധി പതിനയ്യായിരം രൂപ വരെ കയറുത്പന്നങ്ങള്‍ തവണവ്യവസ്ഥയില്‍ വാങ്ങാനുള്ള പ്രത്യേക പദ്ധതിയുമുണ്ട്. കയര്‍ അപെക്‌സ് ബോഡി വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഐഷാ ബക്കര്‍, സംസ്ഥാന കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ കെ. പ്രസാദ്, ഫോമില്‍ ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. ഭഗീരഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍ സ്വാഗതവും കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. സായികുമാര്‍ നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.3347/17
- Log in to post comments