Skip to main content

കെ.എസ്.ആര്‍.ടി.സി 'ചില്‍ ബസ്' സര്‍വീസുകള്‍ക്ക് തുടക്കമായി

 

* ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയും സംസ്ഥാനത്തിന്റെ കിഴക്ക് പടിഞ്ഞാറന്‍ മേഖലകളിലും മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി 'ചില്‍ ബസ്' സര്‍വീസുകള്‍ക്ക് തുടക്കമായി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ബസുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.

നിലവിലുള്ള ബസുകള്‍ ഉപയോഗപ്പെടുത്തി സര്‍വീസ് പരിഷ്‌കരണത്തിലൂടെ കെ.എസ്.ആര്‍.ടി.സി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് 'ചില്‍ ബസു'കള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാരെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്താകും സര്‍ക്കാര്‍ മുന്നോട്ടുപോകുക. ഓണക്കാലത്തും ഹജ്ജുകാലത്തും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.കെ. രാജന്‍, സി.വി. വര്‍ഗീസ്, കെ.ജി. പങ്കജാക്ഷന്‍, സലിം പി. മാത്യു, ആലീസ് മാത്യു, സി.എം. ശിവരാമന്‍, മാത്യൂസ് കോലഞ്ചേരി, സെയിദ് ഫൈസല്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതവും ജനറല്‍ മാനേജര്‍ ബി. ബിജു നന്ദിയും പറഞ്ഞു.

210 ഓളം എ.സി ബസുകള്‍ ഉപേയാഗിച്ച് 'കണക്ടിംഗ് കേരള' എന്ന ആശയവുമായാണ് ചില്‍ ബസ് സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി ലോ ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകളുടെ ഓപറേഷന്‍ സെന്ററുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിലായി ക്രമീകരിക്കും. 

ചില്‍ ബസ് സര്‍വീസുകളുടെ പ്രായോഗികതയും സര്‍വീസ് കാര്യക്ഷമതയും വരുമാനവും ഉറപ്പുവരുത്തുന്നതിനായി ജൂലൈ 23 മുതല്‍ വിവിധ റീജിയണുകളില്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. സമയക്ലിപ്തത ഉറപ്പാക്കാനും കൂടുതല്‍ സര്‍വീസുകള്‍ നടത്താനും കഴിയുംവിധമാണ് എ.സി ബസുകള്‍ 'ചില്‍ ബസ്' ശൃംഖലയില്‍ പുനഃക്രമീകരിച്ചിരിക്കുന്നത്. സ്‌പെയര്‍ ബസുകള്‍ വിവിധ ഡിപ്പോകളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും വരുമാനം ഉറപ്പാക്കാനുമാകും. ആധുനികമായ ശുചീകരണ സംവിധാനവും, ടെക്‌നീഷ്യന്‍മാരെ പുനഃക്രമീകരിച്ച് പരിപാലന കാര്യക്ഷമത വര്‍ധിപ്പിക്കാനുമാകും. ഓണ്‍ലൈനായി www.kurtcbooking.comwww.keralartc.in എന്നീ സൈറ്റുകളിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

 

'ചില്‍ ബസു'കള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകള്‍

1) തിരുവനന്തപുരം - എറണാകുളം (ആലപ്പുഴ വഴി)

   (രാവിലെ അഞ്ചു മുതല്‍ രാത്രി 10 മണിവരെ ഒരു മണിക്കൂര്‍ ഇടവേളകളില്‍,

   ശേഷം രാത്രി 10 മണി മുതല്‍ രണ്ടു മണിക്കൂര്‍ ഇടവേളകളില്‍)

2) തിരുവനന്തപുരം - എറണാകുളം (കോട്ടയം വഴി)

   (രാവിലെ മൂന്നര മുതല്‍ രാത്രി 11.30 വരെ ഒരു മണിക്കൂര്‍ ഇടവിട്ട്)

3) എറണാകുളം - തിരുവനന്തപുരം (ആലപ്പുഴ വഴി)

   (രാവിലെ 03.30 മുതല്‍ രാത്രി 11.30 വരെ ഒരു മണിക്കൂര്‍ ഇടവേളകളില്‍)

4) എറണാകുളം - തിരുവനന്തപുരം (കോട്ടയം വഴി) (ഒരുമണിക്കൂര്‍ ഇടവേളകളില്‍)

5) എറണാകുളം - കോഴിക്കോട്

   (രാവിലെ അഞ്ചു മുതല്‍ രാത്രി 10 മണിവരെ ഒരു മണിക്കൂര്‍ ഇടവേളകളില്‍, 

   ശേഷം രാത്രി 10 മണിമുതല്‍ രണ്ടു മണിക്കൂര്‍ ഇടവേളകളില്‍)

6) കോഴിക്കോട് - എറണാകുളം

   (രാവിലെ അഞ്ചു മുതല്‍ രാത്രി 10 മണിവരെ ഒരു മണിക്കൂര്‍ ഇടവേളകളില്‍)

7)കോഴിക്കോട് - കാസര്‍ഗോഡ്

  (രാവിലെ അഞ്ചുമുതല്‍ രാത്രി 10 മണിവരെ രണ്ടു മണിക്കൂര്‍ ഇടവേളകളില്‍)

8) കാസര്‍ഗോഡ് - കോഴിക്കോട് (പയ്യന്നൂര്‍ -കണ്ണൂര്‍ വഴി)

   (രാവിലെ അഞ്ചു മണിമുതല്‍ രാത്രി 11 മണിവരെ രണ്ടുമണിക്കൂര്‍ ഇടവേളകളില്‍)

 

കിഴക്കന്‍ മേഖലകളിലേക്കുള്ള സര്‍വീസുകള്‍

1) എറണാകുളം - മൂന്നാര്‍ (രാവിലെ ആറ്, 10.30, വൈകുന്നേരം നാല്, 5.30)

2) മൂന്നാര്‍ - എറണാകുളം ( രാവിലെ ആറ്, ഒന്‍പത്, ഉച്ച 12, വൈകുന്നേരം മൂന്ന്)

3) എറണാകുളം - കുമളി (രാവിലെ മൂന്ന്, അഞ്ച്, എട്ട്, 11, ഉച്ച രണ്ട്, വൈകിട്ട് അഞ്ച്, രാത്രി   എട്ട്, 11)

4) കുമളി - എറണാകുളം (രാവിലെ മൂന്ന്, അഞ്ച്, എട്ട്, 11, ഉച്ച രണ്ട്, വൈകിട്ട് അഞ്ച്, രാത്രി എട്ട്, 11)

5) എറണാകുളം -തൊടുപുഴ (രാവിലെ ആറു മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേളകളില്‍)

6) തൊടുപുഴ - എറണാകുളം (രാവിലെ അഞ്ചു മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേളകളില്‍)

7) തിരുവനന്തപുരം - പത്തനംതിട്ട (രാവിലെ ഒന്‍പത്, 10.15, 11.15, വൈകിട്ട് അഞ്ച്, ആറ്, രാത്രി 8.30)

8) പത്തനംതിട്ട - തിരുവനന്തപുരം (രാവിലെ അഞ്ച്, 6.30, 7.30, ഉച്ച ഒരുമണി, വൈകിട്ട് മൂന്ന്, അഞ്ച്) 

   (രാവിലെയും വൈകുന്നേരവും രണ്ട് ബസുകള്‍ വീതം)

9) കോഴിക്കോട് - പാലക്കാട് (തൃശൂര്‍ - എറണാകുളം വഴി)

   ( രാവിലെ 4.30 മുതല്‍ രാത്രി 10.30 വരെ രണ്ട് മണിക്കൂര്‍ ഇടവേളകളില്‍)

10) എറണാകുളം - പാലക്കാട് (തൃശൂര്‍ വഴി) 

   (രാവിലെ 4.30 മുതല്‍ രാത്രി 10.30 വരെ രണ്ട് മണിക്കൂര്‍ ഇടവേളകളില്‍)

11) പാലക്കാട് -കോഴിക്കോട് (രാവിലെ അഞ്ചു മുതല്‍) (രണ്ട് മണിക്കൂര്‍ ഇടവേളകളില്‍)

12) എറണാകുളം - പാലക്കാട്

13) പാലക്കാട് - എറണാകുളം (രാവിലെ അഞ്ചു മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേളകളില്‍)

14) കോഴിക്കോട് - നെടുമ്പാശേരി (മലപ്പുറം വഴി) (വെളുപ്പിന് 2.30, മൂന്ന്, രാവിലെ 5.45, എട്ട്, ഉച്ച 1.15)

15) നെടുമ്പാശേരി - കോഴിക്കോട് (മലപ്പുറം വഴി) (രാവിലെ 9.15, 10.30, ഉച്ച 12.35, 2.45, രാത്രി എട്ട്)

പി.എന്‍.എക്‌സ്.3317/18

date