പദ്ധതി ചെലവ് മുഖ്യമന്ത്രി അവലോകനം ചെയ്തു, ആദ്യ പാദത്തില്‍ 16.85 ശതമാനം
സംസ്ഥാനത്തെ ആദ്യപാദ പദ്ധതി ചെലവ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പദ്ധതി ചെലവില്‍ മികച്ച നേട്ടം സംസ്ഥാനം കൈവരിച്ചതായി വിലയിരുത്തി. ആദ്യപാദത്തില്‍ 16.85 ശതമാനമാണ് ചെലവ്. 2016ല്‍ 7.99 ശതമാനവും 2017ല്‍ 13.84 ശതമാനവുമായിരുന്നു. സംസ്ഥാന പദ്ധതി വിഹിതമായ 22150 കോടി രൂപയില്‍ 3698.96 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. കേന്ദ്രത്തിന്റേതുള്‍പ്പെടെ 37272.99 കോടി രൂപയാണ് ആകെ വിഹിതം. ഇതില്‍ 6177.16 കോടി രൂപയാണ് ആദ്യ പാദത്തില്‍ ചെലവഴിച്ചിരിക്കുന്നത്.
പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം വിനിയോഗിക്കാത്ത തുകയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവശ്യമുണ്ടോയെന്ന് പരിശോധിക്കും. ഡാമുകളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. പരിശോധനകള്‍ കൃത്യമായി നടത്തണം. ഡ്രിപ് പദ്ധതിയില്‍ ഇതിനായി അനുവദിക്കപ്പെട്ട തുക ഫലപ്രദമായി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിലും വര്‍ധന യുണ്ട്. 17.10 ശതമാനം വിനിയോഗിച്ചു. 2017-ല്‍ 11.75 ശതമാനമായിരുന്നു. പത്തു കോടി രൂപയ്ക്ക് മുകളിലുള്ള 87 പദ്ധതികളില്‍ 64 എണ്ണം പുരോഗമിക്കുന്നു. പ്രധാനപ്പെട്ട 15 മേജര്‍ പദ്ധതികളും 104 ഇംപാക്ട് പദ്ധതികളും നാലു നവകേരളം കര്‍മ്മ പദ്ധതികളും പുരോഗതി യിലാണ്. കിഫ്ബി പദ്ധതികളില്‍ 36 എണ്ണത്തില്‍ നടപടി ആരംഭിച്ചു. പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ബഡ്ജറ്റില്‍ പ്രത്യേകമായി തുക അനുവദിച്ചിട്ടുണ്ട്. ഈ തുക ആവശ്യമുള്ള വകുപ്പുകള്‍ക്ക് വിഭജിച്ചു നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നാഷണല്‍ ലാ യൂണിവേഴ്സിറ്റിയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന പദ്ധതിക്ക് ആവശ്യമായ സ്ഥലം വേഗത്തില്‍ കണ്ടെത്തണം. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി മുന്നോട്ടു നീങ്ങണം. ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭാഗമായി വിപുലമായ ടൂറിസം പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടൂറിസം, ഊര്‍ജ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തണം. വയനാട്ടിലെ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി എന്നിവിടങ്ങളിലേക്ക് ദേശീയ പാതയില്‍ നിന്നുള്ള റോഡുകള്‍, കണ്ണൂര്‍-കൊയിലാണ്ടി പാത, മാഹി- തലശേരി ബൈപാസ് റോഡ്, ആലപ്പുഴ നഗര റോഡ് വികസനം, സെക്രട്ടേറിയറ്റ്-തമ്പാനൂര്‍ കിഴക്കേകോട്ട സ്‌കൈവാക്ക്, കൊച്ചി സ്മാര്‍ട്ട് സിറ്റി, ആലപ്പുഴയിലെ നദികളുടെ പുനരുദ്ധാരണം, ദേശീയ ജലപാത പദ്ധതികളുടെ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.3323/18
- Log in to post comments