Skip to main content

എറണാകുളം അറിയിപ്പുകള്‍1

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍
/എന്‍ജിനീയറിംഗ് പരീക്ഷ പരിശീലനം
         
കൊച്ചി: വിഷന്‍ 2020 ലെ മെഡിക്കല്‍/എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുവാന്‍ ആഗ്രഹിക്കുന്നവരും ഇപ്പോള്‍ സയന്‍സ് വിഷയം എടുത്ത് പ്ലസ് വണ്‍പഠിക്കുന്നവരുമായ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌ക്കൂളുകളിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. 2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ബി-പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചവരും വാര്‍ഷിക വരുമാനം 4,50,000 രൂപയില്‍ കവിയാത്തവരുമായ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്‌ക്കൂളിന്റെ പേര്, എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്ന സ്ഥാപനത്തിന്റെ പേര്, ചേര്‍ന്ന തീയതി എന്നിവ വ്യക്തമാക്കുന്ന അപേക്ഷയും എസ്.എസ്.എല്‍.സി. മാര്‍ക്ക് ലിസ്റ്റ്, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്ന സ്ഥാപനത്തില്‍ നിന്നുള്ള ഫീസ് രസീത് എന്നിവ സഹിതം ആഗസ്റ്റ് 15-ന് വൈകീട്ട് അഞ്ചിന് മുന്‍പായി അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ്സുകളില്‍ സമര്‍പ്പിക്കണം. 

കോളേജുകള്‍ക്കായി ഓണാഘോഷവേദി: 
 ലഹരിക്കെതിരെ നൃത്തചുവടുകള്‍
കൊച്ചി: ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡിറ്റിപിസി എറണാകുളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ലഹരിക്കെതിരെ  നൃത്ത ചുവടുകള്‍  എന്ന പരിപാടി ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്നതിന് താത്പര്യമുള്ള കോളേജുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 
ലഹരിക്കെതിരെ    നൃത്ത    ചുവടുകള്‍'   എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കോളേജിന് പരമാവധി 8 മുതല്‍ 10 മിനിറ്റ്‌വരെ ദൈര്‍ഘ്യമുള്ള പരിപാടി അവതരിപ്പിക്കാവുന്നതാണ്. പരിപാടിയുടെ അവതരണത്തിനായി പരമാവധി 10 മുതല്‍ 15 വരെ കലാകാരന്‍മാരുടെ പങ്കാളിത്തം ഉണ്ടാകണം. ഒരു കോളേജില്‍ നിന്നും ഒരു ടീമിന് മാത്രമായിരിക്കും പങ്കെടുക്കുവാന്‍ സാധിക്കുക.     ആഗസ്റ്റ് 8ന് രാവിലെ 11 മണിക്ക് ഗവ.ഗസ്റ്റ് ഹൗസില്‍ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും. സ്‌ക്രീനിംഗ് ടെസ്റ്റില്‍ പങ്കെടുക്കുന്ന ടീമുകളില്‍ നിന്നും ഏറ്റവും മികച്ച പ്രമേയത്തിന്റെയും അവതരണത്തിന്റെയും അടിസ്ഥാനത്തില്‍ 10 ടീമുകളെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കുന്ന ടീമുകള്‍ക്ക് ഓണാഘോഷവേദിയായ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ പരിപാടി അവതരിപ്പിക്കുന്നതിനായി പ്രതിഫലമായി 5000 രൂപ ഡിറ്റിപിസിയില്‍ നിന്നും നല്‍കുന്നതിനു പുറമേ ഏറ്റവും മികച്ച അവതരണത്തിന് ഒന്നാം സമ്മാനമായി 10,000 രൂപ ക്യാഷ് അവാര്‍ഡും, രണ്ടാം സമ്മാനമായി 7,500 രൂപയും, മൂന്നാം സമ്മാനമായി 5,000 രൂപയും കൂടാതെ പ്രശസ്തി ഫലകങ്ങളും നല്‍കുന്നതാണ്. 
താത്പര്യമുള്ള കോളേജുകളില്‍ നിന്നുള്ള ടീം പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം, ദൃശ്യാവിഷ്‌ക്കാരത്തിന്റെ ആശയവും വിശദാംശങ്ങളും ആഗസ്റ്റ് ആറിന് മുമ്പായി സെക്രട്ടറി, ഡിറ്റിപിസി, പാര്‍ക്ക് അവന്യൂ റോഡ്, രാജേന്ദ്രമൈതാനത്തിനെതിര്‍വശം, എറണാകുളം- 11 എന്ന വിലാസത്തിലോ , തപാലിലോ, നേരിട്ടോ എത്തച്ചിരിക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍. 0484 – 2367334, 9847332200.

വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്ത്
സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം

കൊച്ചി: ഗ്രാമീണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്ന സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ആഗസ്റ്റ് നാലിന് രാവിലെ 11 -ന് ബ്‌ളോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി നിര്‍വ്വഹിക്കും. 
ഡിറ്റിപി സെന്ററിനു പുറമെ, ഗ്രാമീണ ഇന്റര്‍നെറ്റ് കഫേ, ഇ-ടിക്കറ്റിംഗ്,     ഇ-ഗവേണന്‍സ് ആപ്‌ളിക്കേഷന്‍സ്, വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും തുടര്‍ പ്രക്രിയകളും പരീക്ഷാഫലങ്ങള്‍ പരിശോധിക്കുന്നതിനുളള സംവിധാനം, വിവര വിജ്ഞാന വ്യാപന കേന്ദ്രം എന്നിവയും സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലുണ്ട്.

മാധ്യമകോഴ്‌സുകളിലേക്കുള്ള പ്രവേശനം- 
 മീഡിയ അക്കാദമി പുനഃപരീക്ഷ നടത്തും

കൊച്ചി: മഴക്കെടുതിയും യാത്രാദുരിതവും മൂലം പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ പരീക്ഷാര്‍ത്ഥികള്‍ക്കായി കേരള മീഡിയ അക്കാദമി പുനഃപ്രവേശനപരീക്ഷ നടത്തും. ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പുനഃപ്രവേശന പരീക്ഷ ഓഗസ്റ്റ് 10-ന് രാവിലെ 10.30 മുതല്‍ എറണാകുളത്ത് കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി കാമ്പസില്‍ നടത്ത#ു#ം.

അപേക്ഷ നല്‍കിയിട്ടും പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയതായി പ്രവേശനം തേടുന്നവര്‍ക്കും പുനഃപരീക്ഷ എഴുതാം. പുതിയ അപേക്ഷകര്‍ക്കുള്ള അപേക്ഷാഫോമുകള്‍ പരീക്ഷ നടക്കുന്ന തീയതി അക്കാദമിയുടെ ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ 300 രൂപ അപേക്ഷാ ഫീസോടുകൂടി അന്നേദിവസം തന്നെ പൂരിപ്പിച്ച് നല്‍കാം. 300 രൂപ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, എസ്.എസ്.എല്‍.സി, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം. ബിരുദം അവസാനവര്‍ഷം പരീക്ഷയെഴുതിയവര്‍ക്കും പുനഃപരീക്ഷ എഴുതാം. വിശദാംശങ്ങള്‍ക്കായി അക്കാദമി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www.keralamediaacademy.org). ഫോണ്‍: 0484-2422275, 2422068, 2100700.

അസാപ്: എംബിഎ കഴിഞ്ഞവര്‍ക്കവസരം

കൊച്ചി: ഉന്നത വിദ്യാഭാസ വകുപ്പിന്റെ അസാപ് പ്രോജെക്റ്റിലേക്കു പ്രോഗ്രാം എക്‌സിക്യൂട്ടീവ് / എംബിഎ ഇന്റേണിനെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ അസാപ് (അഡിഷണല്‍സ്‌കില്‍അക്ക്വിസിഷന്‍പ്രോഗ്രാം) ഓഫീസുകളില്‍ ആയിരിക്കും നിയമനം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കു 60 ശതമാനം മാര്‍ക്കോടുകൂടി, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എംബിഎ പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ആഗസ്റ്റ്  മൂന്നിന് വെള്ളിയാഴ്ച 10 -ന് ഇടപ്പള്ളി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ഓഫീസില്‍ മാര്‍ക്ക് ലിസ്റ്റിന്റെ അസ്സല്‍ രേഖകളും, രേഖകളുടെ പകര്‍പ്പും, ബയോഡേറ്റയും സഹിതം അഭിമുഖത്തിനു എത്തിച്ചേരണം. ഇന്റേണ്‍ഷിപ്പ് പ്രതിമാസ സ്‌റ്റൈപ്പന്റ് 10,000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547247973.

വാര്‍ഷിക അറ്റകുറ്റപ്പണിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സപ്തംബര്‍ ഒന്നു മുതല്‍ 2019 ആഗസ്റ്റ് 31 വരെ ഓപ്പറേഷന്‍ തീയറ്ററിലെ എ.സി യുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ആഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നു വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

1077 ലേക്ക് വിളിക്കാം
ദുരന്തനിവാരണ കേന്ദ്രത്തിലേക്ക് ബന്ധപ്പെടാനുള്ള. നമ്പര്‍ 1077. മൊബൈലില്‍ നിന്നും ലാന്‍ഡ് ലൈനില്‍ നിന്നും ഈ നമ്പറിലേക്ക് വിളിക്കാം. എസ് ടി ഡി ചേര്‍ക്കേണ്ടതില്ല

രാഷ്ട്രപതി ജൂലൈ ആറിന് കൊച്ചിയില്‍

രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് ആഗസ്റ്റ് 6 വൈകീട്ട് 6.10ന് കൊച്ചിയിലെത്തും. സംസ്ഥാനനിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം രാവിലെ തിരുവനന്തപുരത്ത#് ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. ജൂലൈ 7 രാവിലെ ഒമ്പതിന് ബോള്‍ഗാട്ടിപാലസില്‍ ചീഫ് ജസ്റ്റിസിനും മറ്റ് ഹൈക്കോടതി ജഡ്ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണത്തിനു ശേഷം തൃശൂരിലേക്ക് പുറപ്പെടും.     

date