Skip to main content

അന്ധവിശ്വാസങ്ങളോടുള്ള ചെറുത്തുനില്‍പ്പിലൂടെ നവോത്ഥാനമൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

അന്ധവിശ്വാസങ്ങളോടുള്ള ചെറുത്തുനില്‍പ്പിലൂടെ കേരളത്തില്‍ നവോത്ഥാനമൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാന്‍ ശാസ്ത്ര വിചാരം പുലരാന്‍ എന്ന സന്ദേശം പ്രചരിപ്പിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന ജനചേതന യാത്രയുടെ തെക്കന്‍ മേഖലാ ജാഥയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പുതിയ പുതിയ അന്ധവിശ്വാസങ്ങള്‍ ദിവസവുമുണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും ബ്രഹ്‌മാനന്ദ ശിവയോഗിയും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും പൊയ്കയില്‍ അപ്പച്ചനുമെല്ലാം അന്ധവിശ്വാസങ്ങള്‍ക്കെതിരെ മുന്നിട്ടിറങ്ങിയവരാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചിറ്റയം പറഞ്ഞു.

 

ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠകൊണ്ട് പ്രശസ്തമായിത്തീര്‍ന്ന അരുവിപ്പുറത്തു നിന്ന് ആരംഭിച്ച് തൃശൂരില്‍ അവസാനിക്കുന്ന ദക്ഷിണമേഖലാ യാത്രയും മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് തൃശൂരില്‍ സമാപിക്കുന്ന ഉത്തരമേഖലാ യാത്രയും ഉള്‍പ്പെടെ രണ്ട് സാംസ്‌കാരിക ജാഥയാണ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. കെ മധു ക്യാപ്റ്റനായ ജാഥയില്‍ ഡോ പി.കെ ഗോപന്‍, എ.പി ജയന്‍, പ്രൊഫ. റ്റി.കെ.ജി നായര്‍, ജി. കൃഷ്ണകുമാര്‍, എസ്. നാസര്‍, പി. കെ ഹരികുമാര്‍, കെ.എം ബാബു, അജിത്ത് കൊളാടി, ലിറ്റീഷ്യ ഫ്രാന്‍സിസ്, ലീലാ ഗംഗാധരന്‍ തുടങ്ങിയവര്‍ ജാഥാംഗങ്ങളുമാണ്.

 

അടൂര്‍ ഇരട്ടപ്പാലത്തില്‍ നിന്ന് ജാഥയെ ഗാന്ധിസ്‌ക്വയറിലേക്ക് സ്വീകരിച്ചാനയിക്കുകയായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റ്റിഎല്‍സി സെക്രട്ടറി ജി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കുരമ്പാല പടയണി കളരി നടത്തിയ പടയണി കോലങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു.

date