Skip to main content

ഇക്‌ഫോസ് രാജ്യാന്തര ഫ്രീ സോഫ്റ്റ് വെയര്‍ സമ്മേളനം  സ്വതന്ത്ര 2017 തിരുവനന്തപുരത്ത്

വിവരസാങ്കേതിക വകുപ്പിനു കീഴിലുളള സ്വയംഭരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്ട്‌വെയറി (ഇക്‌ഫോസ്)ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹം മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഫ്രീ സോഫ്ട്‌വെയര്‍ സമ്മേളനം ഡിസംബര്‍ 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.

സ്വതന്ത്ര 2017 എന്ന പേരില്‍ നടക്കുന്ന ആറാമത് ഫ്രീ സോഫ്റ്റ്‌വെയര്‍ സമ്മേളനത്തില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍, ഫ്രീ ഹാര്‍ഡ്‌വെയര്‍ എന്നിവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇരുപത്തിയഞ്ചിലേറെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. ഫ്രീ സോഫ്റ്റ്‌വെയറിനുളള പിന്തുണ ശക്തമാക്കാനും ഫ്രീ സോഫ്റ്റ്‌വെയര്‍ രംഗത്തെ കേരളത്തിന്റെ പ്രമാണിത്തം ഉറപ്പിക്കാനും സ്വതന്ത്ര 2017 ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ, വെബ്‌സൈറ്റ് (www.swatantra.net.in ) എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റില്‍ നിര്‍വഹിച്ചു.  ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍, ഇന്‍ഫോസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.  അസിസ്റ്റീവ് ടെക്‌നോളജി, ആര്‍ട് ആന്‍ഡ് ഡിസൈന്‍, ആരോഗ്യക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാവും സ്വതന്ത്ര 2017 ല്‍ പ്രാമുഖ്യം.

സോഫ്ട്‌വെയര്‍ ഫ്രീഡം കണ്‍സെര്‍വന്‍സി ഡയറക്ടര്‍ കരെയ്ന്‍ സാന്‍ഡ്‌ലര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷകയായിരിക്കും. ലോകപ്രശസ്തരായ ഫ്രീ സോഫ്റ്റ്‌വെയര്‍ വക്താക്കളും സെമിനാറില്‍ പ്രഭാഷകരായെത്തും.  ഫോസ് മേഖലയില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുളള സെഷനുകള്‍ നടക്കും.  നിയമവിധേയമായി ഫോസ് ഉപയോഗിക്കേണ്ടതെങ്ങനെയെന്നു വിശദമാക്കുന്ന ഫോസ് ലൈസന്‍സിംഗിനെപ്പറ്റിയും പ്രഭാഷണങ്ങള്‍ നടക്കും. സമ്മേളനത്തിന് കൂടുതല്‍ വൈവിധ്യം നല്‍കാന്‍ ട്രഷര്‍ ഹണ്ട് എന്ന പേരില്‍ ഓണ്‍ലൈന്‍ ഗെയിമും ആവിഷ്‌കരിച്ചിട്ടുണ്ട്.  hunt.icfoss.in ല്‍ ഗെയിം ലഭ്യമാണ്. 

പി.എന്‍.എക്‌സ്.4933/17

date