ജനസൗഹൃദ പഞ്ചായത്ത് ഒന്നാം ഘട്ട പ്രഖ്യാപനം 15 ന്
ജില്ലയിലെ 43 പഞ്ചായത്തുകൾ ജനസൗഹ്യദവും കാര്യക്ഷമവുമായി സേവനങ്ങൾ നൽകുന്നതിന്റെ ഒന്നാം ഘട്ട പ്രഖ്യാപനം ആഗസ്റ്റ് 15ന് അതത് പഞ്ചായത്തുകളിൽ നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ഒന്നാം ഘട്ട പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അസോസിയേഷനും പെർഫോമൻസ് ഓഡിറ്റ് യൂണിറ്റും സംയുക്ത പരിശോധന നടത്തി പൊതുജനങ്ങൾക്ക് സമയബന്ധിതമായി മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇത് ജില്ലാ തലത്തിൽ അവലോകനം നടത്തുകയും ചെയ്തു. പൊതുജനങ്ങൾക്ക് ഫ്രൻറ് ഓഫീസിൽ ആവശ്യമായി സൗകര്യങ്ങൾ ആഗസ്റ്റ് 15 നകം ഒരുക്കും. ആകെയുള്ള 71ൽ ശേഷിക്കുന്ന പഞ്ചായത്തുകളുടെ പ്രഖ്യാപനം രണ്ടു മാസത്തിനകം നടത്തും.
പരാതിപ്പെട്ടി, വിവിധ സേവനങ്ങൾ സംബന്ധിച്ച ബോർഡുകൾ, ജീവനക്കാരുടെ ഹാജർ ബോർഡ്, മുഴുവൻ ജീവനക്കാർക്കും തിരിച്ചറിയൽരേഖ, പൗരാവകാശ രേഖ പ്രഖ്യാപിക്കൽ എന്നിവ ഉറപ്പുവരുത്തും. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിൽ പെൻഡിംഗ് ഉള്ള ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിന് എക്സിക്യൂട്ടീവ് എൻജിനീയർ മുഖേന അസിസ്റ്റൻറ് എൻജിനീയർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ, വിവിധ യൂനിയൻ പ്രതിനിധികൾ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ ജില്ലാതല മോണിറ്ററിംഗ് സമിതിയാണ് പ്രവർത്തനങ്ങൾ വിലയിരുത്തി ഏകോപിപ്പിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ നാരായണൻ, ജില്ലാ പ്രസിഡൻറ് മൈഥിലി രമണൻ ,ജില്ലാ സെക്രട്ടറി എം രാഘവൻ ജില്ലാ ജോയിൻറ് സെക്രട്ടറി ഇ പി ബാലകൃഷ്ണൻ, ഓഡിറ്റ് സൂപ്പർവൈസർമാരായ എം ടി ഗോപി, ടി ജെ അരുൺ, എൻ എംകെ അശോകൻ എന്നിവർ സംസാരിച്ചു.
- Log in to post comments