Skip to main content

ആദിപമ്പ-വരട്ടാര്‍ ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന്റെ മാസ്റ്റര്‍ പ്ലാന്‍

 

ആദിപമ്പ വരട്ടാറിന്റെ ഇരുവശങ്ങളിലും നിര്‍മിക്കുന്ന ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന്റെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സജി         ചെറിയാന്‍ എംഎല്‍എയുടെ  ചെങ്ങന്നൂരിലുള്ള ഓഫീസില്‍   നടന്ന യോഗത്തില്‍ ആദി പമ്പ വരട്ടാര്‍ പുനരുജ്ജീവനപ്രവര്‍ത്തന കോര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ആദിപമ്പയിലും വരട്ടാറിലും നടപ്പാക്കുന്ന വിപുലമായ ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍, പുഴകളെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികള്‍, പുഴയോളം നീണ്ട ജൈവവൈവിധ്യ ഉദ്യാനം, പ്രാദേശിക സംസ്‌കാരം പങ്ക് വയ്ക്കുന്ന മ്യൂസിയങ്ങള്‍ , പഠന ഗവേഷണ സൈകര്യങ്ങള്‍ തുടങ്ങിയ നിരവധി ആശയങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന ശില്‍പശാലയില്‍ അവതരിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ആറാം തീയതി രണ്ട് മണിക്ക് ശില്‍പശാലയില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച അന്തിമഘട്ട സെക്രട്ടറിയേറ്റ് യോഗം സജി ചെറിയാന്‍ എം.എല്‍.എയുടെ ഓഫീസില്‍ ചേരും. അന്നേ ദിവസം ശുചിത്വ മാസ്റ്റര്‍ പ്ലാന്‍, നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍, ബയോഡൈവേഴ്‌സിറ്റി പ്ലാന്‍, പാര്‍ക്ക്, എന്നിവയുടെ അന്തിമരൂപം നല്‍കും. പുഴയിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവയെ സര്‍വേയിലൂടെ കണ്ടുപിടിക്കാനും വീണ്ടും മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്താനും തീരുമാനമായിട്ടുണ്ട്. നീര്‍ത്തട മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കോയിപ്രം ഇരവിപേരൂര്‍ കുറ്റൂര്‍ തുടങ്ങി ആറ് പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും.  ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കിന്റെ ഭാഗമായി സാംസ്‌കാരിക പൈതൃകങ്ങള്‍, പഴമ നിലനിര്‍ത്തുന്ന മ്യൂസിയങ്ങള്‍ എന്നിവയുടെ പ്ലാന്‍ തയ്യാറാക്കും. ശില്‍പശാലയിലേക്ക് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ചെങ്ങന്നൂര്‍, ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലും ഓഗസ്റ്റ് മൂന്ന്,നാല്,അഞ്ച് തീയതികളില്‍  സന്ദര്‍ശനം നടത്തും. യോഗത്തില്‍ ആലപ്പുഴ, പത്തനംതിട്ട ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ആര്‍.രാജേഷ് , കെ.എസ് രാജേഷ് , വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

               (പിഎന്‍പി 2176/18)

date