പന്തളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും -ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
പന്തളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കി കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. പന്തളം ബസ് സ്റ്റാന്‍ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതോടെ ദുരിതങ്ങള്‍ക്ക് ശമനമാകും. ബസുകള്‍ കടന്ന് പോകുന്ന പാതയിലാണ് കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാകുന്നത്. യാര്‍ഡിന്റെ മൂന്ന് വശങ്ങളിലും മധ്യഭാഗത്തും പൂട്ടുകട്ട പാകുന്നതിനുള്ള ജോലികള്‍ കോണ്‍ക്രീറ്റ് ചെയ്തതിന് ശേഷം ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എംഎല്‍എയുടെ ആസ്തിവികസനഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടാതെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിനായി 40 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് നിര്‍മിക്കുന്നത്. (പിഎന്‍പി 2168/18)
- Log in to post comments