Skip to main content

സച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കമായി

 

കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയത്തിന്റെ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍  സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും വിവിധ ശുചിത്വ ഘടകങ്ങള്‍ വിലയിരുത്തി റാങ്ക് നല്‍കുന്നതിന് നടത്തുന്ന സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് പദ്ധതി വിശദീകരിച്ചു. 

സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍ തുടങ്ങിയ പൊതുഇടങ്ങളിലെ ശുചിത്വം നേരില്‍ പരിശോധിച്ചും, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ. പൊതുഇടങ്ങളിലെ ശുചിമുറികളുടെ ലഭ്യത, ഉപയോഗം, വൃത്തി, മാലിന്യങ്ങളുടെ സ്ഥിതി, വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ എന്നിവയും വിലയിരുത്തും. സര്‍വ്വേ ആഗസ്റ്റ് 31ന് പൂര്‍ത്തിയാകും. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, എ.ഇ.ഒ.മാര്‍, ഡി.ഇ.ഒ.മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ- ഗ്രാമ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. 

                                                          (കെ.ഐ.ഒ.പി.ആര്‍-1648/18)

date