ഓഫീസുകള്‍ ഹരിതനിയമാവലി കര്‍ശനമായി പാലിക്കണംഃ ജില്ലാ കളക്ടര്‍
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത നിയമാവലി കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ നടത്തിയ ഗ്രീന്‍പ്രോട്ടോകോള്‍ അവലോകന യോഗത്തില്‍ ഓഫീസുകളിലെ ഹരിതനിയമാവലി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹരിതകേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്ത്വത്തിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 58 സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനമാണ് പരിശോധിച്ചത്. നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാത്ത വകുപ്പുകള്‍ ആഗസ്റ്റ് 15നു മുമ്പ് നിയമിക്കണം. ഹരിതനിയമാവലി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഓഫീസ് മേധാവികള്‍ ശ്രദ്ധപുലര്‍ത്തണം.
ഫയലുകള്‍ അടുക്കും ചിട്ടയുമായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ഫയലുകള്‍ മേശയില്‍ നിന്നും മാറ്റി സംരക്ഷിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കി സ്റ്റീല്‍, ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുക, ടിഷ്യു പേപ്പര്‍ ഒഴിവാക്കി തൂവാലകള്‍ ശീലമാക്കുക, ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എല്ലാ ഓഫീസിലും ജൈവമാലിന്യങ്ങള്‍ ശേഖരിക്കാന്‍ സൗകര്യമൊരുക്കുക, അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയാതെ ശേഖരിച്ചു വയ്ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഹരിത നിയമാവലി യിലുള്ളത്.
വയനാടിനെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു തുടക്കമാവണമെന്നും അതിനായി ജീവനക്കാര്‍ മാതൃകയാവണമെന്നും കളക്ടര്‍ പറഞ്ഞു. ഓഫീസുകളില്‍ ശുചിത്വ ജോലിചെയ്യുന്ന ജീവനക്കാരുടെ സംയുക്തയോഗം വിളിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളിലും ഹരിതനിയമാവലി ചട്ടങ്ങള്‍ അടുത്തഘട്ടത്തില്‍ വ്യാപിപ്പിക്കും. ഓഫീസുകളിലെ ഇലക്ടട്രോണിക് മാലിന്യങ്ങള്‍ ആഗസ്റ്റ് 15നു മുമ്പ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. കളക്ടറേറ്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ടിട്ടുള്ള നിയമപ്രശ്‌നങ്ങളില്ലാത്ത വാഹനങ്ങള്‍ നീക്കം ചെയ്യും. യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എ.കെ.രാജേഷ്, പ്രോഗ്രാം ഓഫീസര്‍ അനൂപ് കിഴക്കേപ്പാട്ട്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments