Skip to main content

തരിശ്‌ നിലങ്ങളുടെ ഉടമകള്‍ക്ക്‌ അടിയന്തിര നോട്ടീസ്‌ നല്‍കണം : മന്ത്രി വി എസ്‌ സുനില്‍കുമാര്‍

തരിശ്‌ രഹിത തൃശൂര്‍ സംയോജിത പദ്ധതിയുടെ ഭാഗമായി നെല്‍വയല്‍ നികത്തല്‍ നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച്‌ തരിശ്‌ നിലങ്ങളുടെ ഉടമസ്ഥര്‍ക്ക്‌ കൃഷിയിറക്കണമെന്നാവശ്യപ്പെട്ട്‌ അടിയന്തിര നോട്ടീസ്‌ നല്‍കണമെന്ന്‌ കൃഷി വകുപ്പു മന്ത്രി വി എസ്‌ സുനില്‍കുമാര്‍ പറഞ്ഞു. അടുത്ത കൊല്ലത്തേക്ക്‌ നിയമപരമായി തരിശ്‌ ഭൂമി കൃഷിയ്‌ക്ക്‌ ഉപയുക്തമാക്കുന്നതിനാണ്‌ ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ ജില്ലാ പദ്ധതിയുടെ ഭാഗമായ ജലരക്ഷ ജീവരക്ഷ സംയോജിത പ്രോജക്‌ടിന്‌ ജില്ലയുടെ പദ്ധതിയെന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളും മുന്‍ഗണന നല്‍കണമെന്ന്‌ മന്ത്രി വി എസ്‌ സുനില്‍കുമാര്‍ നിര്‍ദ്ദേശിച്ചു. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ജില്ലാ സംയോജിത പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനപങ്കാളിത്തം ഇത്തരം സംയോജന പദ്ധതികളില്‍ പ്രധാനമാകണമെന്നും ജലരക്ഷ ജീവരക്ഷ പ്രോജക്‌ടിന്റെ ഉദ്‌ഘാടനം ജനകീയ പങ്കാളിത്തത്തോടെ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായ പരിശീലന പരിപാടികള്‍ തുടരുകയാണ്‌ ഓഗസ്റ്റ്‌ പത്തിനകം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തിയുളള ബ്ലൂ ആര്‍മി രൂപീകരണം പൂര്‍ത്തിയാകുന്നതോടെ 3,17,173 വീടുകളില്‍ ജലരക്ഷ ജീവരക്ഷ സന്ദേശം എത്തിക്കാന്‍ കഴിയുമെന്ന്‌ പൊതുവിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ പ്രതിനിധി യോഗത്തെ അറിയിച്ചു. പദ്ധതിയുടെ ഭാഗമായ പഞ്ചായത്ത്‌ തല ജനകീയ സമിതിയില്‍ 38 പഞ്ചായത്തുകളില്‍ രൂപീകരിച്ചുകഴിഞ്ഞു. ബാക്കിയിടത്തും സമിതി രൂപീകരണം ഉടന്‍ പൂര്‍ത്തീകരിക്കും.
ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ലക്ഷ്യം കുറേകൂടെ സൂക്ഷ്‌മവും കൃത്യവും വ്യക്തമാക്കി നിജപ്പെട്ടുത്തേണ്ടതുണ്ടെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ പറഞ്ഞു. പദ്ധതി അവലോകനത്തിനും മൂല്യനിര്‍ണ്ണയത്തിനും ഇത്‌ ഗുണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ജലരക്ഷ ജീവരക്ഷയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ഷോര്‍ട്ട്‌ ഫിലിം മത്സരത്തിന്റെ ഭാഗമായി ലഭിച്ച സിനിമകളും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്‌, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍ ജയശ്രീ, ജില്ലാ ആസൂത്രണ ഓഫീസര്‍ ഡോ. എ സുരേഷ്‌കുമാര്‍, ജില്ലാ മണ്ണ്‌ സംരക്ഷണ ഓഫീസര്‍ പി ഡി സിന്ധു, മറ്റ്‌ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date