അമ്പലപ്പുഴയിൽ ആരോഗ്യ വകുപ്പ് റെയ്ഡ് രണ്ട് ഹോട്ടുലുകൾ അടപ്പിച്ചു. കാന്റീന് നോട്ടീസും നൽകി.
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് റെയ്ഡ്. ആശുപത്രിക്ക് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന മഡോണ, സഫ എന്നീ രണ്ട് ഹോട്ടലുകളാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ: ഷിബു സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അടപ്പിച്ചത്. ആശുപത്രി വളപ്പിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച കാന്റീൻ അഞ്ചു ദിവസം കൊണ്ട് വൃത്തിയാക്കാനും നോട്ടീസ് നൽകി. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഇന്നലെ ആരോഗ്യ വകുപ്പ് ഹോട്ടലുകളിലും കാന്റീനിലും പരിശോധന നടത്തിയത്. ഹോട്ടലുകളുടെ പരിസരമാകെ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.അടുക്കളയിലും ഭക്ഷണം സൂക്ഷിച്ചു വെക്കുന്ന സ്ഥലത്തും മാലിന്യം നിറഞ്ഞിരുന്നു.കൂടാതെ നിരോധിത പ്ലാസ്റ്റിക്കിലായിരുന്നു ഭക്ഷണങ്ങൾ നൽകി വന്നിരുന്നതും.
ഹോട്ടലുകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യവും മലിനജലവും പ്രത്യേകം സ്ഥാപിച്ച പൈപ്പിലൂടെ കാപ്പിത്തോട്ടിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ സാനിട്ടേഷൻ സർട്ടിഫിക്കറ്റും പഞ്ചായത്തിന്റെ ലൈസൻസുമില്ലാതെയാണ് ഈ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നത്.നേരത്തെ രണ്ടു തവണ ഈ ഹോട്ടലുകളിലും കാന്റീനിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു.6 മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഹോട്ടലുടമകൾ ചെയ്തിരിക്കുന്നതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ ഡോ: ഷിബു സുകുമാരൻ പറഞ്ഞു. പോരായ്മകൾ പരിഹരിച്ച ശേഷം മാത്രമേ ഇവ തുറക്കാൻ അനുവദിക്കുകയുള്ളു. .ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിനോദ് ,ട്വിങ്കിൾ, മായ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ആരിഫ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
(പി.എൻ.എ. 2153/2018)
- Log in to post comments