Skip to main content

പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ്

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് എസ്എസ്എല്‍സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും, പ്രൊമോഷനും, പിഎസ്സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2019 വരെ എസ്എസ്എല്‍സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതു പരീക്ഷാ ബോര്‍ഡുമാണ്.

 

പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടു / പ്രീഡിഗ്രീ തോറ്റവര്‍ക്കും, ഇടക്ക് വച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍ സെക്കന്‍ഡറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 1850 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 2500 രൂപയുമാണ്. എസ്സി / എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. അവര്‍ക്ക് പത്താംതരത്തിന് 100 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300 രൂപയും അടച്ചാല്‍ മതിയാകും.

 

40 ശതമാനം കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസും നല്‍കേണ്ടതില്ല. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപാ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 1250 രൂപാ വീതവും പഠനകാലയളവില്‍ ലഭിക്കും.

 

വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍/ വികസനവിദ്യാകേന്ദ്രങ്ങളേയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 2023 ഫെബ്രുവരി ഒന്നു മുതല്‍ 2023 മാര്‍ച്ച് 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാം. ഫോണ്‍:0468 2 220 799.

date