പദ്ധതി നിര്‍വഹണം സമയബന്ധിതമായി പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്തണം
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി മുന്നോട്ടുപോവുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. ഫെബ്രുവരി അവസാനമാവുമ്പോഴേക്കും പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉണ്ടാവരുത്. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം തന്നെ പ്രവൃത്തികള്‍ മുന്നോട്ടുപോയാല്‍ മാത്രമേ ഈ നേട്ടം കൈവരിക്കാന്‍ സാധിക്കൂ. അതിന് ജില്ലാ പഞ്ചായത്തും നിര്‍വഹണ ഉദ്യോഗസ്ഥരും തമ്മിലെ ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാവേണ്ടതുണ്ട്.
പഞ്ചായത്തുതല പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ ശരിയായ രീതിയിലുള്ള ആശയവിനിമയത്തിന്റെ അഭാവം വലിയ കാലതാമസം സൃഷ്ടിക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതുകാരണം എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളില്‍ പോലും പദ്ധതി നിര്‍വഹണം കുരുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടാവുന്നു. പദ്ധതി നിര്‍വഹണ പുരോഗതിയെക്കുറിച്ചുള്ള മാസാന്ത അവലോകനയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലിയിരുത്തുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള മാറ്റം പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചുകാണുന്നില്ല. പദ്ധതി നിര്‍വഹണത്തിന്റെ പ്രായോഗിക തടസ്സങ്ങള്‍ അപ്പപ്പോള്‍ തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അവസാന ഘട്ടത്തില്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാകും. ജില്ലയിലെ കുടിവെള്ള പദ്ധതികള്‍, സ്‌കൂള്‍ കെട്ടിടനിര്‍മാണങ്ങള്‍, വിവിധ സംയുക്ത പദ്ധതികള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ താഴേത്തട്ടിലുള്ള കാര്യക്ഷമമായ ഇടപെടുകളുടെ അഭാവം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും യോഗം വിലയിരുത്തി.
ജില്ലയില്‍ നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചിലയിടങ്ങളില്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ക്വാറികള്‍ പൂട്ടിക്കുമ്പോള്‍ സ്വാധീനമുള്ളവര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ക്രഷറുകള്‍ പ്രവര്‍ത്തിപ്പിച്ച് സാധനങ്ങള്‍ ഇതര ജില്ലകളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ തുടങ്ങിയവര്‍ സംസാരിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ പി യു രമേശന്‍ എസ്എസ്എല്‍സി ഫലം അവലോകനം ചെയ്തു.
- Log in to post comments