Skip to main content

അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം:  താലൂക്ക് വികസന സമിതി

    ദേശീയപാതയോരത്ത് അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കൃത്യമായ പരിശോധന നടത്തി മുറിച്ചു മാറ്റണമെന്ന് കണ്ണൂര്‍ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഇപ്രകാരം മുറിക്കുന്ന മരങ്ങള്‍ക്ക് വില നിശ്ചയിച്ച് ലേലം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വനം വകുപ്പിനോട് യോഗം നിര്‍ദ്ദേശിച്ചു. 
    പുഴ പുറമ്പോക്കുകള്‍, റോഡ് എന്നിവിടങ്ങളിലെ കയ്യേറ്റം തടയുന്നതിന് അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാനും പരാതികള്‍ പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഡിവൈഡറും റോഡിന്റെ നിര്‍മ്മാണ രീതിയും മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണം. നഗരത്തില്‍ ചിലയിടങ്ങളില്‍ തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
    കോര്‍പ്പറേഷനില്‍ കെട്ടിട നിയമം ലംഘിച്ചും ഭക്ഷ്യസുരക്ഷ അധികൃതരുടെ അനുവാദമില്ലാതെയും പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷണശാലകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായും ചില സ്ഥാപനങ്ങള്‍ പൂട്ടിയതായും കോര്‍പ്പറേഷന്‍ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു.
    താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് വി കെ ലളിതാദേവി അധ്യക്ഷയായി. തഹസില്‍ദാര്‍ വി എം സജീവന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ റോയ് തോമസ്, താലൂക്ക് വികസന സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

.

date