Skip to main content
ഉദ്യോഗസ്ഥരുടെ യോഗം

നെല്ലിയാമ്പതിയിലെ തോട്ടത്തിന്റെ   പൂര്‍ണ്ണ നടത്തിപ്പ് ചുമതല കെ.എഫ്.ഡി.സി-യ്ക്ക് 

പാലക്കാട് നെല്ലിയാമ്പതി മേഖലയിലെ കേരള വനം വികസന കോര്‍പ്പറേഷന്റ കൈവശമുള്ള തോട്ടങ്ങളായ മീര ഫ്‌ളോര്‍സ്, ബിയാട്രീസ്, റോസറി എന്നീ തോട്ടങ്ങളുടെ തുടര്‍ന്നുള്ള നടത്തിപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വനം വകുപ്പ്, തൊഴില്‍ വകുപ്പ്, കെ.എഫ്.ഡി.സി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തോട്ടങ്ങളുടെ കാലപ്പഴക്കവും വിളവ് നിലച്ചതും മൂലം തോട്ടങ്ങളില്‍ നിന്നുള്ള വരുമാനം പരിപാലനത്തിന് പോലും തികയുന്നില്ലെന്നും ഇതുമൂലം കെ.എഫ്.ഡി.സി-യ്ക്ക് ഭീമമായ നഷ്ടം വരുന്നുവെന്നും കെ.എഫ്.ഡി.സി എം.ഡി അറിയിച്ചു. കെ.എഫ്.ഡി.സി-യ്ക്ക് നടത്താന്‍ പറ്റാത്തതിന്റെ അടിസ്ഥാനത്തില്‍, പ്രവര്‍ത്തനങ്ങള്‍ യാതൊന്നും ഇല്ലാത്ത റോസറി, ബീയാട്രീസ് എസ്റ്റേറ്റുകള്‍ വനം വകുപ്പിനെ ഏല്‍പ്പിക്കുകയും ബീയാട്രീസ് എസ്റ്റേറ്റില്‍ ഇനി അവശേഷിക്കുന്ന കുടുംബങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മീരാ ഫ്‌ളോര്‍സില്‍ ജോലി നല്‍കി മീരാ ഫ്‌ളോര്‍സിന്റെ നടത്തിപ്പും പൂര്‍ണ്ണമായ പരിപാലനവും പാട്ടവ്യവസ്ഥയില്‍ കെ.എഫ്.ഡി.സി-യ്ക്ക് കൈമാറണമെന്നുമുള്ള കെ.എഫ്.ഡി.സി എം.ഡിയുടെ ആവശ്യം യോഗം അംഗീകരിച്ചു. എന്നാല്‍ ഈ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിയമപരമായ സാധ്യതകള്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചു. പ്രസ്തുത തോട്ടങ്ങളുടെ ഉല്‍പ്പന്ന ശേഖരം 11.12.2011 മുതല്‍ കെ.എഫ്.ഡി.സി-യാണ് നടത്തി വരുന്നത്. 2012 ഏപ്രില്‍ മാസം മുതല്‍ തോട്ടങ്ങളില്‍ മുന്‍പ് ജോലി ചെയ്തിരുന്ന തൊഴിലാളികളെ ഉപയോഗിച്ച് വിളവെടുപ്പ് ജോലികള്‍ നടത്തി വരികയാണ്. എസ്റ്റേറ്റിലെ മുന്‍ തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലെ സേവനം ഉള്‍പ്പെടെ പരിഗണിച്ച് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ലേബര്‍ കോടതിയുടെ ഉത്തരവ് മേല്‍ നടപടികള്‍ക്കായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കെ.എഫ്.ഡി.സി-യ്ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ കെ.എഫ്.ഡി.സി ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ്, വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.ആര്‍.ജ്യോതിലാല്‍ ഐ.എ.എസ്, മുഖ്യവനം മേധാവി ബെന്നിച്ചന്‍ തോമസ് ഐ.എഫ്.എസ്, ലേബര്‍ കമ്മീഷണര്‍ ഡോ. കെ.വാസുകി ഐ.എ.എസ്, കെ.എഫ്.ഡി.സി എം.ഡി ജോര്‍ജി പി മാത്തച്ചന്‍ ഐ.എഫ്.എസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീ. ഗംഗാ സിംഗ് ഐ.എഫ്.എസ് എന്നിവരും വനം വകുപ്പിലെയും തൊഴില്‍ വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

date