Skip to main content

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ: രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവ് പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാംഘട്ടത്തിലേക്ക് ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതിയങ്കം ജി.യു.പി.എസ,് പാലക്കാട് മോയന്‍ ജി.എല്‍.പിഎസ്, എടത്തനാട്ടുകര ഗവ ഓറിയന്റല്‍ എച്ച്.എസ്.എസ് സ്‌കൂളുകളാണ്  രണ്ടാം റൗണ്ടിലെത്തിയത്. അപേക്ഷിച്ച 54 സ്‌കൂളുകളില്‍ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 12 സ്‌കൂളുകളാണ് ആദ്യ റൗണ്ടില്‍ പങ്കെടുത്തത്.  രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത മൂന്ന് സ്‌കൂളുകളില്‍ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടില്‍ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍  നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനാവും. പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സ്ഥാനം ലഭിക്കുന്ന സ്‌കൂളിന് 20 ലക്ഷം, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 15 ലക്ഷം, 10 ലക്ഷം രൂപ വീതവും ലഭിക്കും. മറ്റ് ഫൈനലിസ്റ്റുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും.

date