Skip to main content

മാലിന്യ മുക്ത തൃത്താല : ആദ്യഘട്ടത്തില്‍  പത്തര ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു

നവകേരളം കര്‍മ്മ പദ്ധതിയുടെ നടപ്പാക്കുന്ന 'സുസ്ഥിര തൃത്താല-മാലിന്യമുക്ത തൃത്താല' പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പത്തര ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ശാസ്ത്രീയമായ രീതിയില്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്ന ഒന്നാം ഘട്ട ക്യാമ്പയിന്റെ  പ്രവര്‍ത്തനമാണ് പൂര്‍ത്തിയായത്. ഒന്നാം ഘട്ടത്തില്‍ ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും ശേഖരിച്ച ബാഗ്, ലെതര്‍ ഇനങ്ങള്‍, ചെരുപ്പ്, തെര്‍മോകോള്‍ എന്നിവ ക്ലീന്‍ കേരള കമ്പനി അതത് പഞ്ചായത്തുകളിലെ എം.സി.എഫുകളില്‍ നിന്നും  പൂര്‍ണ്ണമായും നീക്കം ചെയ്തു. ഒന്നാം ഘട്ടത്തില്‍ ഹരിത കര്‍മ്മ സേനകള്‍ ശേഖരിച്ച പത്തര ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്തത്. ഒന്നാംഘട്ട ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി തൃത്താല മണ്ഡലത്തിലെ തൃത്താല, നാഗലശേരി, ആനക്കര, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, പരുതൂര്‍ പഞ്ചായത്തുകളിലെ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി പാഴ്വസ്തുക്കള്‍ നീക്കം ചെയ്തത്. രണ്ടാം'ഘട്ടത്തില്‍ തുണി മാലിന്യങ്ങള്‍, മൂന്നാംഘട്ടത്തില്‍ കുപ്പി,ചില്ല് മാലിന്യങ്ങള്‍, നാലാംഘട്ടത്തില്‍ ഇ-മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം  മാര്‍ച്ച് 18 ഓടെ സമയബന്ധിതമായി  പൂര്‍ത്തീയാക്കാനുള്ള  ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചതായി തൃത്താല മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റുമാര്‍ അറിയിച്ചു. തൃത്താല മണ്ഡലത്തിലെ  ഒന്നാംഘട്ട ക്യാമ്പയിനിലെ മികച്ച പ്രവര്‍ത്തനം ജില്ലയിലെ മാലിന്യ പരിപാലന-ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക്  ഊര്‍ജ്ജം നല്‍കുന്നതാണെന്ന് പദ്ധതി ഏകോപനം നിര്‍വ്വഹിച്ച് നവകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ടി.ജി.അബിജിത് എന്നിവര്‍ പറഞ്ഞു.

date