Skip to main content

ശബരിമല തീര്‍ഥാടനം : മികവുറ്റ സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

    ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്‍റെ സേവനം പൂര്‍ണതോതില്‍ നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.ഷീജ അറിയിച്ചു. നിലയ്ക്കല്‍, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ കാര്‍ഡിയോളജി, അസ്ഥിരോഗം,ശിശുരോഗം, ഫിസിഷ്യന്‍, സര്‍ജന്‍, അനസ്തേഷ്യ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ  ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും  ലഭ്യമാണ്. എല്ലാ ആശുപത്രികളിലും എക്സ്റേ, ഇസിജി സൗകര്യങ്ങളുമുണ്ട്. പമ്പയിലും സന്നിധാനത്തും ലബോറട്ടറിയും, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളില്‍ വെന്‍റിലേറ്ററുകളോടു കൂടിയ തീവ്രപരിചരണ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള രണ്ട്  പാതവക്കുകളിലായി 13 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ കേന്ദ്രത്തിലും പരിശീലനം ലഭിച്ച രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികളും നാല് അയ്യപ്പസേവാസംഘം വാളണ്ടിയര്‍മാരും സേവനം  ചെയ്യുന്നു. ഹൃദയ പുനരുജ്ജീവന യന്ത്രം, പള്‍സോക്സി മീറ്റര്‍, ഗ്ലൂക്കോമീറ്റര്‍, ബി.പി അപ്പാരറ്റസ്, ഓക്സിജന്‍ സിലിണ്ടര്‍ തുടങ്ങിയ ഉപകരണങ്ങളും ഇവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച് പാണ്ടിത്താവളം, കരിമല തുടങ്ങിയ സ്ഥലങ്ങളിലും അടിയന്തര വൈദ്യസഹായ    കേന്ദ്രങ്ങള്‍ ആരംഭിക്കും. നവംബര്‍ 16 മുതല്‍ 20 വരെ 2269 പേരാണ് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയത്. ജില്ലാ ഭരണകൂടം, ദേവസ്വം ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം എന്നിവര്‍ സംയുക്തമായാണ് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വനം വകുപ്പ് സജ്ജമാക്കിയിട്ടുള്ള താത്ക്കാലിക ഷെഡുകളിലാണ് വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 
    നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ശുചിത്വ പരിശോധന നടത്തിവരുന്നു. കൊതുക് നശീകരണത്തിനായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ കൊതുകിന്‍റെ ഉറവിട നശീകരണം, സ്പ്രേയിംഗ്, ഫോഗിംഗ് എന്നിവയും നടന്നുവരുന്നു. 
    പമ്പ മുതല്‍ ളാഹ വരെയുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ ടീമിന്‍റെ സേവനം ലഭ്യമാണ്. ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലും പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതകളിലും തീര്‍ഥാടകര്‍ ഹൃദയാഘാതം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍,        വടശ്ശേരിക്കര, പെരുനാട്, പന്തളം എന്നിവിടങ്ങളിലും പ്രത്യേക ആംബുലന്‍സ് സൗകര്യം ലഭ്യമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രപരിസരത്ത് എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ വൈകുന്നേരം എട്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. 
ജില്ലയില്‍ തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ സഹായ സേവനങ്ങളുടെ ഏകോപനം ശബരിമല നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരിയും അസിസ്റ്റന്‍റ് നോഡല്‍ ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാറും നിര്‍വഹിക്കുന്നു. സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ ഡോ.സുരേഷ് ബാബുവാണ് ഏകോപിപ്പിക്കുന്നത്.                                                           (23/17)
 

date