Skip to main content
പുള്ള് - മനക്കൊടി റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുന്നു

പുള്ള് - മനക്കൊടി റോഡ് തുറന്നു, വിനോദസഞ്ചാരത്തിനും മുതൽക്കൂട്ട്

പുള്ള് - മനക്കൊടി റോഡ്  പൊതുമരാമത്ത് വിനോദസഞ്ചാര ജനക്ഷേമകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കാസർക്കോട് മുതൽ തിരുവനന്തരപുരം വരെയുള്ള ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ പതിമൂന്ന് ജില്ലകളെ കോർത്തിണക്കി ടൂറിസം കാർഷിക മേഖലയെ വളർച്ചയ്ക്ക് സഹായിക്കുന്ന  മലയോര ഹൈവെ ഈ വർഷം തന്നെ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പുള്ള് - മനക്കൊടി റോഡ് 3 കോടി ചെലവാക്കി ചിപ്പിംഗ് കാർപ്പറ്റ്  ബിഎം ആൻഡ്  ബിസി നിലവാരത്തിലാണ് നവീകരിച്ചത്. തൃശൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മനക്കൊടി - പുള്ളിലെ ടൂറിസം സാധ്യതകൾക്ക് മുതൽക്കൂട്ടാവുന്നതരത്തിലാണ് നവീകരണം. പൊതുമാരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള റോഡുകൾ ലോകോത്തര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് പുനരുദ്ധരണം നടത്തുന്നത്.

ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീ എഞ്ചിനിയർ കെ എം ബേസിൽ ചെറിയാൻ  റിപ്പോർട്ട് അവതരിപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ എന്നിവർ മുഖ്യാതികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി ഗോപി, പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനിയർ എസ് ഹരീഷ് വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date