Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ മെയ് അവസാനത്തോടെ  പൂര്‍ത്തിയാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡിപിസി അംഗീകരിച്ച് കരാര്‍ വച്ച അടിയന്തിര നിര്‍മാണ പ്രവര്‍ത്തികള്‍ മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കുന്നതിനായി പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ മാസം മഴക്കാലം ആരംഭിക്കുന്നതിനാല്‍ റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം അതിനു മുന്‍പായി പൂര്‍ത്തിയാക്കണം. എല്ലാ വിദ്യാലയങ്ങളുടെയും അറ്റകുറ്റപ്പണികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സുരക്ഷ ഉറപ്പാക്കല്‍ എന്നിവ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കണം. ഈ വര്‍ഷം ആദ്യം തന്നെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലഞ്ഞൂര്‍, എനാദിമംഗലം, കടമ്പനാട്, കോട്ടാങ്ങല്‍, അയിരൂര്‍, ഇരവിപേരൂര്‍, റാന്നി പഴവങ്ങാടി, പുറമറ്റം, കടപ്ര എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും, അടൂര്‍, തിരുവല്ല നഗരസഭകളുടെയും 2023-24 വാര്‍ഷിക പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. പന്തളം, തിരുവല്ല നഗരസഭകളുടെ 2023-24 വര്‍ഷത്തെ അയ്യന്‍ങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനും അംഗീകാരം ലഭിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.              

date