ശ്രദ്ധേയമായ നേട്ടം കൈവരിച്ച് പൊതുവിതരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
പൊതുവിതരണ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയിട്ടുളളത്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപാ നിരക്കില്‍ ഉച്ചയൂണ് നല്‍കുന്ന ക്ഷേമ പദ്ധതിയായ സുഭിക്ഷ ഹോട്ടല്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു. ആദിവാസി മേഖലയില്‍ കോന്നി , റാന്നി താലൂക്കുകളില്‍ 15 ആദിവാസി ഊരുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് എത്തിക്കുന്നതിന് ഒരുക്കിയിട്ടുള്ള സഞ്ചരിക്കുന്ന റേഷന്‍കടകള്‍ യാത്രാക്ലേശം അനുഭവിക്കുന്ന കോളനികളിലുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട് .ദീര്‍ഘകാലമായി റദ്ദു ചെയ്യപ്പെട്ടിരുന്ന റേഷന്‍ കടകള്‍ക്ക് പകരമായി സംവരണതത്വം പാലിച്ചുകൊണ്ട് പട്ടികജാതി/ഭിന്നശേഷി വിഭാഗങ്ങളിലായി ആകെ 12 റേഷന്‍ കടകള്‍ക്ക് പുതിയതായി ലൈസന്‍സ് നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. 2022 ഓണക്കാലത്ത് സംസ്ഥാന സബ്‌സിഡിയോടെ പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 10 കിലോഗ്രാം സ്‌പെഷ്യല്‍ അരി വിതരണം ചെയ്തു.
ജില്ലയില്‍ 593 എ.എ.വൈ കാര്‍ഡുകളും , 9406 പി.എച്ച്.എച്ച് കാര്‍ഡുകളും ഇതിനകം വിതരണം ചെയ്തു.കൂടാതെ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ പരിശോധന സുധാര്യമാക്കുന്നതിന് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു വരുന്നു. ഗുരുതര രോഗബാധിതര്‍ക്ക് ചികില്‍സ ആനുകൂല്യം ലഭിക്കുന്നതിനായി ജില്ലയില്‍ 65 പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ സംസ്ഥാന മുന്‍ഗണനാ വിഭാഗത്തിലേക്ക് ചികിത്സാവശ്യത്തിന് മാത്രമായി മാറ്റി നല്‍കി.
ഓപ്പറേഷന്‍ എല്ലോ പദ്ധതിയുടെ ഭാഗമായി അനര്‍ഹമായി കൈവശം വച്ചിരുന്ന 5640 കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അര്‍ഹരായവര്‍ക്ക് മുന്‍ ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അനര്‍ഹരായ കാര്‍ഡുടമകളില്‍ നിന്ന് 13,33,175 രൂപ സര്‍ക്കാരിലേക്ക് അടവാക്കിയിട്ടുണ്ട്. ജില്ലയിലെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടതും റേഷന്‍ കാര്‍ഡ് ഇല്ലാത്തതുമായ 165 പേര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിച്ചു.
- Log in to post comments