Skip to main content

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മെയ് 16 മുതല്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് പങ്കെടുക്കും

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് മെയ് 16 ന് ചിറ്റൂരില്‍ ആരംഭിക്കും. രാവിലെ 10.30 ന് ആണ് അദാലത്ത് തുടങ്ങുക. തുടര്‍ന്ന് മെയ് 18 ന് ആലത്തൂര്‍, 20 ന് പാലക്കാട്, 22 ന് ഒറ്റപ്പാലം, 23 ന് മണ്ണാര്‍ക്കാട്, 25 ന് പട്ടാമ്പി, 26 ന് അട്ടപ്പാടി എന്നിവിടങ്ങളില്‍ അദാലത്ത് നടക്കും.

അദാലത്തില്‍ നടപടി സ്വീകരിക്കുന്ന വിഷയങ്ങള്‍

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍-കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, തെരുവ്‌നായ സംരക്ഷണം/ശല്യം, അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്), വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങള്‍, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്ന് ക്ഷാമം, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി.
 

date