ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കട ജില്ലാതല ഉദ്ഘാടനം 14ന് അട്ടത്തോട്ടില്‍
ആദിവാസി ഊരുകളില്‍ നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 14ന് വൈകിട്ട് നാലിന് റാന്നി പെരുനാട് അട്ടത്തോട് കോളനിയിലെ അട്ടത്തോട് കിഴക്ക് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന് നിര്‍വഹിക്കും. രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, ജില്ലാ പഞ്ചായത്തംഗം പി.വി.വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗം വി.രാജന്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
റാന്നി താലൂക്കിലെ പെരുനാട് പഞ്ചായത്തില്‍ റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍ വരുന്നതാണ് അട്ടത്തോട് ട്രൈബല്‍ സെറ്റില്‍മെന്റ്. ഇവിടുത്തെ 191 കാര്‍ഡ് ഉടമകളില്‍ 137 പേര് അട്ടത്തോട് കിഴക്ക് കോളനിയിലും 54 പേര് അട്ടത്തോട് പടിഞ്ഞാറ് കോളനിയിലുമാണ് താമസിക്കുന്നത്. നിലയ്ക്കല്‍ ഗോപുരത്തിന് അടുത്തുള്ള 123-ാം നമ്പര്‍ റേഷന്‍ കടയില്‍നിന്നാണ് സാധനങ്ങള്‍ കോളനിയിലെത്തിക്കുന്നത്.
ജില്ലയില്‍ ഒമ്പത് പട്ടികവര്‍ഗ കോളനികളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്നത് അട്ടത്തോട് കോളനിയിലായതിനാലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടത്തിപ്പിനായി അട്ടത്തോട് കോളനിയെ സിവില്‍ സപ്ലൈസ് വകുപ്പ് തെരഞ്ഞെടുത്തത്. 34 കുടുംബങ്ങള്‍ വീതമുള്ള സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍, ഗുരുനാഥന്മണ്ണ്, അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ, 30 കുടുംബങ്ങളുള്ള അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി, 20 കുടുംബങ്ങളുള്ള കോട്ടംപാറ, 23 കുടുംബങ്ങള്‍ വീതമുള്ള വടശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, റാന്നി പെരുനാട് പഞ്ചായത്തിലെ വേലംപ്ലാവ്, 19 കുടുംബങ്ങളുള്ള റാന്നി പെരുനാട് പഞ്ചായത്തിലെ ചാലക്കയം എന്നിവയാണ് ജില്ലയിലെ മറ്റ് ആദിവാസി ഊരുകള്‍. ജില്ലയിലെ ഒമ്പത് ആദിവാസി ഊരുകളിലായി 408 കുടുംബങ്ങളാണ് താമസിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതി വനം, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ സഹകരണത്തോടു കൂടിയാണ് നടപ്പാക്കുന്നത്. (പിഎന്‍പി 2317/18)
- Log in to post comments