Skip to main content

തോട്ടട അമ്പാടി എന്റര്‍പ്രൈസസ് : സമരം പിന്‍വലിച്ചു

    കണ്ണൂര്‍ തോട്ടടയിലുള്ള അമ്പാടി എന്റര്‍പ്രൈസസിലെ തൊഴിലാളികളുടെ സമരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഐ.ആര്‍) എസ്.തുളസീധരന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഒത്തുതീര്‍ന്നു. നിലവില്‍ ഫാക്ടറിയില്‍ ആഴ്ചയില്‍ ആറുദിവസവും തൊഴില്‍ നല്‍കുവാന്‍ സാദ്ധ്യതയുള്ള സെക്ഷനുകളില്‍ 6 ദിവസവും മറ്റ് സെക്ഷനുകളില്‍ 5 ദിവസവും തൊഴില്‍ നല്‍കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.  ഈ താല്‍കാലിക  തൊഴില്‍ ക്രമീകരണം സെപ്റ്റംബര്‍ 15 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ  അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തുന്നതുവരെ തുടരും. മാനേജ്മെന്റ് ഉന്നയിച്ചിട്ടുള്ള 50 തൊഴിലാളികളുടെ റിട്രെഞ്ച്മെന്റ് സംബന്ധിച്ച വിഷയവും തൊഴില്‍ വകുപ്പ് മന്ത്രിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് ഇരു കക്ഷികളും സമ്മതിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയില്‍ തുടര്‍ന്നു വരുന്ന സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍  ജോലിയില്‍ പ്രവേശിച്ചു.  സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കെതിരെ ഒരുവിധ അച്ചടക്കനടപടിയും സ്വീകരിക്കുന്നതല്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ സമ്മതിച്ചു.
    തൊഴില്‍ ഉടമകളെ പ്രതിനിധീകരിച്ച്  അമ്പാടി എന്റര്‍പ്രൈസസ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ്  വിശ്വനാഥ് ഷേണായി, അസിസ്റ്റന്റ് മാനേജര്‍ ടി ഗോപാലകൃഷ്ണന്‍,  സെന്റര്‍ ഹെഡ് സി.ഹരികുമാര്‍ എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് ടെക്സ്‌റ്റൈല്‍ ഫാബ്രിക്സ് മാനുഫാക്ചറിംഗ് യൂണിയന്‍ ജനറല്‍ സെക്രട്ടറി (സി.ഐ.ടി.യു) കെ.വി.കുമാരന്‍, കണ്ണൂര്‍ ജില്ലാ ഗാര്‍മെന്റ്സ് നാഷണല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) വി.വി.ശശീന്ദ്രന്‍, എം.പി.രാജന്‍, (സി.ഐ.റ്റി.യു), എം.രാഘേഷ്, (ഐ.എന്‍.ടി.യു.സി) എന്നിവരും പങ്കെടുത്തു.

date