Skip to main content

മഴക്കാല പൂർവ്വ ശുചീകരണം; വെള്ളച്ചാലിൽ അടിഞ്ഞ മണ്ണ് മാറ്റിത്തുടങ്ങി

 

ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി  വെള്ളച്ചാലുകളിൽ അടിഞ്ഞുകൂടിയ മണ്ണ് മാറ്റിത്തുടങ്ങി. പ്രവൃത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എ.സുരേന്ദ്രൻ നിർവഹിച്ചു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നാല്   വെള്ളച്ചാലുകൾക്ക് 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തൊഴിലുറപ്പ് പദ്ധതിയിൽ തയ്യാറാക്കിയത്. ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥലങ്ങളിലെ മണ്ണും ,കാടുകളും , പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യും. മലമുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ചാലുകളിലൂടെ തടസ്സമില്ലാതെ നിയന്ത്രിക്കുന്നതാണ് പദ്ധതി.

ജല സംരക്ഷണത്തിനായി പറമ്പുടമകൾ പരമാവധി വെളളം ഭൂമിയിലേക്ക് ഊർന്നിറങ്ങാൻ പാകത്തിൽ ബണ്ട് കെട്ടി തടയണമെന്ന് മെമ്പർ പറഞ്ഞു. ഇതിലൂടെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതോടൊപ്പം മണ്ണിന്റെ ജൈവ ഘടന വർധിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വികസന സമിതി കൺവീനർ അക്കരോൽ അബ്ദുള്ള, ടി ഉബൈദ് മാസ്റ്റർ, ഇ പി കുഞ്ഞബ്ദുള്ള, തൈക്കണ്ടി പൊയിൽ പോക്കർ, മലോൽ പുളിക്കൂൽ അന്ത്രു , അസീസ് തൈക്കണ്ടി പൊയിൽ, മേറ്റ്മാരായ മോളി പട്ടേരിക്കുനി, ദീപ തിയ്യർകുന്നത്ത് തുടങ്ങിയവർക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

date