Skip to main content

ഉഷയെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും

കരുതലും കൈതാങ്ങും കോഴഞ്ചേരി താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ എത്തിയ ആറന്മുള സ്വദേശി ഉഷയുടെ ആവശ്യം അതിദരിദ്രരുടെ പട്ടികയില്‍ തന്നെയും ഉള്‍പെടുത്തണം എന്നതായിരുന്നു. ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ഉഷയ്ക്ക് പ്രായത്തിന്റെതായ അവശതകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. അദാലത്തിനെത്തി മന്ത്രിയെ കണ്ട ഉഷ ആവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു അതിദരിദ്രരുടെ പട്ടികയില്‍ തന്നെയും ഉള്‍പ്പെടുത്തണം. ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള രേഖകള്‍ നല്‍കി ഉഷയുടെ ജീവിതം സുരക്ഷിതമാക്കുമെന്നും ഉറപ്പ് നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിക്ക് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചു എന്നതിന്റെ ഉദാഹരണമാണ് ഉഷ. സംസ്ഥാനത്തെ അതിദരിദ്രരുടെ എണ്ണം കുറച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് അതി ദാരിദ്ര നിര്‍മാര്‍ജന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതി വഴി സുരക്ഷിതമായ വരുമാനം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.
 

date