നഗരസഭയും ലോറി ജെ.സി.ബി. ഉടമകളുടെ സംഘടനയും ചേര്‍ന്നു ക്ലീനിങ് ഡ്രൈവ്
കാലവര്ഷത്തെത്തുടര്ന്നുണ്ടാകാന് സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ ലോറി ജെ.സി.ബി. ഉടമകളുടെ സംഘടനയുടെ സഹായത്തോടെ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ ഹെല്‍ത്ത് സര്‍ക്കിളുകളിലും ഈ മാസം 10ന് ആരംഭിച്ച് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് അവസാനിക്കത്തക്ക രീതിയിലാണു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
റസിഡന്‍സ് അസോസിയേഷനുകളുയേും വിവിധ സംഘടനകളുടേയും സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടിക്കിടക്കുന്ന ഖരമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ ലക്ഷ്യമിടുന്നതാണു പദ്ധതി. ഇതിനാവശ്യമായ ലോറിയും ജെ.സി.ബിയും ഉടമകള്‍ ലഭ്യമാക്കും. നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരും തൊഴിലാളികളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. കൂടിക്കിടക്കുന്ന മാലിന്യങ്ങളെ സംബന്ധിച്ച വിവരം റസിഡന്‍സ് അസോസിയേഷനുകള്‍ ഓഗസ്റ്റ് 10നകം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കു നല്‍കണമെന്നും നഗരസഭാ പരിധിയിലുള്ള എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.
(പി.ആര്.പി. 2037/2018)
- Log in to post comments