വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തി കഠിനംകുളം പഞ്ചായത്ത്
· 5 എല്‍ .പി സ്കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍
· വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്.
വിദ്യാഭ്യാസരംഗം മികവുറ്റതാക്കുക കഴിവുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നിവ ലക്ഷ്യമാക്കി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് കഠിനംകുളം ഗ്രാമ പഞ്ചായത്ത് . ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ അഞ്ച് സര്‍ക്കാര്‍ എല്‍.പി സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ അനുവദിച്ചു.
ഏഴ് സര്‍ക്കാര്‍ എല്‍ .പി സ്കൂളുകള്‍ ഉള്ളതില്‍ മേനംകുളം എല്‍.പി.എസ്, പുത്തന്‍തോപ്പ് എല്‍.പി.എസ്, ചാന്നാങ്കര എല്‍.പി.എസ് , കഠിനംകുളം എല്‍.പി.എസ് , കഠിനംകുളം എസ്.കെ.വി എല്‍.പി.എസ് എന്നിവടങ്ങളിലാണ് ഒരോ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ആരംഭിച്ചത് . മറ്റു രണ്ടു സ്കൂളുകളിലും ഉടന്‍ ഈ സംവിധാനം നടപ്പിലാക്കും. പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
സര്‍ക്കാര്‍, എയ്ഡഡ്, അണെയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ പഞ്ചായത്തിനുളളില്‍ വരുന്ന 14 സ്കൂളുകളിലേയും കുട്ടികള്‍ക്ക് സൗജന്യ കൗണസിലിംഗ് നല്‍കുന്നതാണ് മറ്റൊരു പദ്ധതി. കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെന്ററിനെയും തുമ്പ സേവിയര്‍ റീച്ച് സെന്ററിന്റെയും സഹകരണത്തോടെയാണ് കഠിനംകുളം പഞ്ചായത്ത് കൗണ്‍സിലിംഗ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും അവരുടെ മാനസികാരോഗ്യം മെച്ചപ്പടുത്താനും കൗണ്‍സിലിംഗിന്റെ സാധ്യത ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായി 14 സ്കൂളിലെയും അധ്യാപകര്‍ക്കും പി.ടി.എ അംഗങ്ങള്‍ക്കുമായി മനശാസ്ത്രജ്ഞന് ഡോ. ജസ്റ്റിന് പടമാടന് നയിച്ച ഏകദിന കൗണ്‍സിലിംഗ് ശില്പശാല സംഘടിപ്പിച്ചു. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ഏറെ സ്വാധീനം ചെലുത്തുന്നതിനാലാണ് ഇത്തരത്തില്‍ ഒരു ശില്പശാല സംഘടിപ്പിച്ചത്.
(പി.ആര്.പി. 2038/2018)
- Log in to post comments