ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസ വിപ്ലവം; ബാക്ക് ടു സ്‌കൂള്‍ ഇടപെടലിലൂടെ അനന്തുവും ഹരീഷും വീണ്ടും സ്‌കൂളിലേയ്ക്ക്
· സ്‌കുളിലേയ്ക്കുള്ള സുരക്ഷിത യാത്രയ്ക്ക് ഗോത്രസാരഥിയുടെ സേവനം
· ഇരുവര്‍ക്കും ബാഗ്, ബുക്ക്, വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു
ഉത്തരംകോട് ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന അനന്തുവിന് ഏഴാം ക്ലാസ്സിലാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. കുറ്റിച്ചലിലെ മാങ്കോട് ആദിവാസി സെറ്റില്‍മെന്റില്‍ താമസിക്കുന്ന അനന്തുവിനെ സാമ്പത്തിക പരാധീനതകളായിരുന്നു പഠനം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ അമ്മൂമ്മയുടെ കൂടെയാണ് അനന്തു കഴിഞ്ഞിരുന്നത്. എട്ടാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഹരീഷിന്റെ അവസ്ഥയും ഏതാണ്ട് ഇതുതന്നെ.
എന്നാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന പഠനം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുടരുകയാണ് അനന്തുവും ഹരീഷും. അതും പഠിച്ച അതേ സ്‌കൂളില്‍ തന്നെ. കാട്ടാക്കട ട്രൈബല്‍ ഓഫീസിന് കീഴിലെ ആദിവാസി ഊരുകളില്‍ വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തീകരിക്കാതെ വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളെ സ്‌കൂളില്‍ തിരികെ എത്തിക്കുന്ന ബാക്ക് ടു സ്‌കൂള്‍ എന്ന ഇടപെടലിലൂടെയാണ് ഇരുവരും മുടങ്ങിയ വിദ്യ അഭ്യസിക്കാന്‍ തിരികെയെത്തിയത്. കാട്ടാക്കട ട്രൈബല്‍ ഓഫീസര്‍ സുധീറിനറെ മേല്‍നോട്ടത്തിലാണ് ബാക്ക് ടു സ്‌കൂള്‍ എന്ന ഇടപെടല്‍ കാട്ടാക്കടയിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നത്.
സന്നദ്ധ സാമൂഹിക പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്, സാമൂഹിക പഠനമുറി ഫെസിലിറ്റേറ്റര്‍, പ്രമോട്ടര്‍മാര്‍ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് അനന്തുവിനെയും ഹരീഷിനെയും തിരികെ സ്‌കൂളുകളില്‍ എത്തിക്കാനായതെന്ന് കാട്ടാക്കട ട്രൈബല്‍ ഓഫീസര്‍ സുധീര്‍ പറഞ്ഞു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന നിരവധി കുട്ടികള്‍ വനത്തിനുള്ളിലെ വിവിധ ആദിവാസി സെറ്റില്‍മെന്റുകളിലുണ്ട്. ഇവരെ കണ്ടെത്തി തിരികെ സ്‌കൂളിലെത്തിക്കനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അനന്തു ഉത്തരാകോട് സര്‍ക്കാര്‍ സ്‌കൂളിലും ഹരീഷ് വെള്ളനാട് സര്‍ക്കാര്‍ സ്‌കൂളിലുമാണ് പഠനം തുടരുന്നത്. ഇതില്‍ ഹരീഷ് മിത്രാനികേതന്റെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ഇവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തുടര്‍ പഠനത്തിനായി ബാഗ്, ബുക്ക്, വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു. കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്തും സഹായം നല്‍കുന്നുണ്ട്. തുടര്‍ന്നുള്ള പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ നല്‍കിവരുന്ന വിവിധ സ്‌റ്റൈപ്പെന്റുകളും ഇഗ്രാന്റ്‌സ് ഉള്‍പ്പടെയുള്ള സഹായവും ലഭിക്കും.
സ്‌കൂള്‍ തുറന്ന് മാസങ്ങള്‍ക്കു ശേഷം തിരികെ സ്‌കുളില്‍ എത്തിയതുകൊണ്ടു തന്നെ പാഠപുസ്തകങ്ങളുടെ ലഭ്യത മാത്രമാണ് ഇപ്പോള്‍ ഇരുവരെയും അലട്ടുന്നത്. താല്‍ക്കാലികമായി മുന്‍ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ഇവര്‍ക്കായി സംഘടിപ്പിച്ച് നല്‍കിയിട്ടുണ്ട്. ഉള്‍വനങ്ങളിലെ ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന കുട്ടികളെ സ്‌കൂളികളില്‍ എത്തിക്കുകയും തിരികെ വീടുകളില്‍ എത്തിക്കാനുമുള്ള വാഹന സംവിധാനമായ ഗോത്രസാരഥിയുടെ സേവനവും അനന്തുവിന് ഉറപ്പുവരുത്തിയതായി ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 2040/2018)
- Log in to post comments