Skip to main content

പത്രക്കുറിപ്പ് ആഗസ്റ്റ് 12

മുന്‍പില്ലാത്ത വിധമുള്ള കെടുതി: കേന്ദ്രം അധിക സഹായം നല്‍കണം

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത മഴക്കെടുതിക്കും വെള്ളപ്പൊക്കത്തിനും കേന്ദ്ര സര്‍ക്കാര്‍ അധിക സഹായം നല്‍കണമെന്ന് ഒറ്റക്കെട്ടായി ജനപ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനു മുന്നില്‍ ആവശ്യപ്പെട്ടു. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ ഉദ്യോഗസ്ഥ തല അവലോകന യോഗത്തെ തുടര്‍ന്ന് നടന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് എം പിമാരും എം എല്‍ എ മാരും അധിക കേന്ദ്ര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടത്. മുന്‍പുണ്ടാകാത്ത ദുരന്തമാണ് കേരളം നേരിടുന്നതെന്നും മുന്‍പില്ലാത്ത വിധമുള്ള കേന്ദ്ര സഹായം ആവശ്യമാണെന്നും കെ.വി. തോമസ് എം.പി. ആവശ്യപ്പെട്ടു. സാമ്പത്തിക മേഖലയില്‍ വലിയ ആഘാതമാണ് ദുരന്തത്തെ തുടര്‍ന്നുണ്ടാകുക. കൃഷി, വിനോദ സഞ്ചാര മേഖലകളെ ദുരിതം ബാധിച്ചു. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അധിക സഹായം ലഭ്യമാക്കണമെന്നും മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നും ജോയ്‌സ് ജോര്‍ജ് എം.പി. ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത എം എല്‍ എ മാരും ആവശ്യപ്പെട്ടു. വലിയ കെടുതിയാണ് കേരളം നേരിട്ടതെന്നും കേരളത്തിനായി പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.  ഇന്നസെന്റ് എം.പി.,എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, റോജി. എം. ജോണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

കേരളത്തിന് 100 കോടി കേന്ദ്ര സഹായം

കൊച്ചി: മഴക്കെടുതിയും അണക്കെട്ടുകള്‍ തുറന്നതും മൂലമുള്ള ദുരിതം കണക്കിലെടുത്ത് അടിയന്തര ധനസഹായമായി 100 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രളയ ബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച ശേഷം നെടുമ്പാശേരി സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ രണ്ട് തവണയായി 80 കോടി രൂപ വീതം കേന്ദ്ര സഹായം അനുവദിച്ചിരുന്നു. കൂടുതല്‍ ധനസഹായത്തിനായുള്ള ആവശ്യം പരിഗണിക്കും. മഴക്കെടുതി വിലയിരുത്തുന്നതിനും അധിക സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. കേന്ദ്ര സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാകും അധിക സഹായം നല്‍കി. കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചതില്‍ നിന്നും കേരളത്തിലുണ്ടായ നഷ്ടം വളരെ വലുതാണെന്ന് ബോധ്യമായി. റോഡ്, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു. വിനോദ സഞ്ചാര മേഖലയ്ക്കും വലിയ നഷ്ടം സംഭവിച്ചു. ഒരു ലക്ഷത്തോളം പേര്‍ മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നു. 

മഴക്കെടുതി മൂലമുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കും. ദേശീയ ദുരന്ത നിവാരണ സേനയെ വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സേനയെ അയയ്ക്കാമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ , ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം  എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു.

 

നേരത്തേ നടന്ന അവലോകന യോഗത്തില്‍ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ സമഗ്ര ചിത്രം ആഭ്യന്തര മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. 

 

കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജി.സുധാകരന്‍, മാത്യു ടി തോമസ്, വി.എസ്. സുനില്‍ കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, ഡി ജി പി ലോക് നാഥ് ബെഹ്‌റ, ഐ ജി വിജയ് സാക്കറെ, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, എന്‍ ഡിആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഗ്രൂപ്പ് ക്യാപ്റ്റന്‍ എസ്.ബി ടോഡ്കര്‍, മേജര്‍ ജനറല്‍ സഞ്ജീവ് നൈരെയ്ന്‍  ജനറല്‍ ഓഫീസര്‍ കമാന്റിംഗ് കേരള ആന്റ് കര്‍ണാടക, റിയര്‍ അഡ്മിറല്‍ ആര്‍.ജെ നഡ്‌കോര്‍ണി, ബ്രിഗേഡിയര്‍ അരുണ്‍ സി.ജി  സ്‌റ്റേഷന്‍ കമാന്റര്‍ തിരുവനന്തപുരം കൊച്ചി, ഇീഹ. അജയ് ശര്‍മ  കമാന്റന്‍ഡ് ഡി എസ് സി സെന്റര്‍, കണ്ണൂര്‍ എന്നിവരും റവന്യൂ, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

കാലവര്‍ഷക്കെടുതി: പ്രത്യേക പാക്കേജ് അനുവദിക്കണം കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിച്ചു

 

പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. 

 

പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. ഒരേ സീസണില്‍ രണ്ടാംവട്ടമാണ് കേരളത്തില്‍ മഴക്കെടുതിയുണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

 

കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. 

 

ദേശീയദുരന്തനിവാരണ ഫണ്ടിന്റെ നിബന്ധനകള്‍ പ്രകാരം നഷ്ടപരിഹാരം തുലോം പരിമിതമാണ്. കേരളത്തിനുണ്ടായ നഷ്ടത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം അനുവദിക്കണം. 

 

1924നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണില്‍ കേരളം നേരിട്ടത്. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. കേന്ദ്രസംഘം കേരളത്തില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയും അതിന്റെ ഭാഗമായ കെടുതികളും ഉണ്ടായത്. 

 

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തിനും ഭീമമായ നഷ്ടമാണുണ്ടായത്. ആഗസ്റ്റ് 9 മുതല്‍ 12 വരെയുളള തീയതികളില്‍ മാത്രം 37 ജീവന്‍ നഷ്ടപ്പെട്ടു. അഞ്ചു പോരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ ഇതിനകം 186 പേരാണ് മരണപ്പെട്ടത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. പതിനായിരങ്ങള്‍ ദുരിതാശ്വാസ കേമ്പുകളിലാണ്. കേന്ദ്രസേനാ വിഭാഗങ്ങളുടെയും എന്‍.ഡി.ആര്‍.എഫിന്റെയും സഹായത്തോടെ സംസ്ഥാന ഭരണസംവിധാനം പൂര്‍ണ്ണമായി ദുരന്തനിവാരണദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുയാണ്. സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്നു തന്നെ സേനാവിഭാഗങ്ങളെ അയച്ചുതന്നതിന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരന്തത്തിന്റെ ആഘാതം ഒരുപാട് കാലം കേരളം നേരിടേണ്ടിവരും. ഇരുപതിനായിരത്തോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ മാത്രം തകര്‍ന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും കണക്കുകളും താമസിയാതെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിവേദനത്തോടൊപ്പം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

 

ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനത്തിന്റെ മാതൃക തീര്‍ത്ത് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും

 

ഡാമുകള്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ പതിനായിരത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചെങ്കിലും ഒരിടത്ത് നിന്നും പോലും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.  ചെറിയ തോതിലുള്ള പനി, മുറിവ്, മറ്റ്  ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിവയ്ക്ക് ക്യാമ്പില്‍ ഡോക്ടര്‍മാരുടെയും, മെഡിക്കല്‍ സംഘങ്ങളുടെയും ഉടനടിയുള്ള ചികിത്സയും, മരുന്നും ലഭ്യമാണ്.  വീടുകളില്‍ നിന്നും അകന്ന് നില്‍ക്കേണ്ടി വന്നതിന്റെ വിഷമം ഉണ്ടെങ്കിലും മറ്റുള്ളവരോടൊപ്പം ക്യാമ്പുകളിലെ സൗഹാര്‍ദ്രപരമായ അന്തരീക്ഷത്തില്‍ ലഭിക്കുന്ന ക്ഷേമാന്വേഷണങ്ങളും, ആരോഗ്യപരിചരണവും അവര്‍ക്ക് നല്ലൊരാശ്വാസമായി. വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും വീടും പരിസരവും  അണുനശീകരണി ഉപയോഗിച്ച്  വൃത്തിയാക്കിയ  ശേഷം മാത്രമേ ക്യാമ്പില്‍ നിന്നും തിരിച്ചു പോകാവൂ എന്നും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നുണ്ട്. ക്യാമ്പില്‍ കഴിയുമ്പോഴും, തിരിച്ചു വീട്ടില്‍ ചെല്ലുമ്പോഴും പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് കുടു?ബാ?ഗങ്ങളെ ബോധവല്‍ക്കരിക്കുവാനുള്ള നിര്‍ദേശങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ നല്‍കുന്നുണ്ട്.  

ജൂലൈ മാസം അവസാന വാരങ്ങളില്‍ കാലവര്‍ഷപ്പെയ്ത്തിനെ തുടര്‍ന്ന് ജില്ലയിലെ പല ഭാഗങ്ങളിലും തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നവരോടൊപ്പം ഒരാഴ്ചക്കാലം അവരുടെ ആരോഗ്യനിലയിലെ ഗതിവിഗതികള്‍ നിരീക്ഷിച്ചു കൊണ്ടും, വേണ്ട ശുശ്രൂഷയും പരിചരണവും നല്‍കി ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരും, നഴ്‌സുമാരും, ക്യാമ്പംഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നില്ല എന്ന് ഉറപ്പ് വരുത്തുവാന്‍ ആരോഗ്യപ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയപ്പോള്‍ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും കൂടാതെ തന്നെ ആ പരീക്ഷണക്കാലയളവ് മറികടക്കുവാന്‍ ജില്ലയ്ക്ക് കഴിഞ്ഞിരുന്നു. വെള്ളം കയറിയിറങ്ങി പോയ ശേഷം പടരാനിടയുള്ള ജലജന്യ രോഗങ്ങളെക്കുറിച്ചായിരുന്നു പൊതുവിലുണ്ടായിരുന്ന ആശങ്ക. എന്നാല്‍ ക്യാമ്പുകളില്‍ നിന്നും തിരിച്ചു വീടുകളിലേക്കെത്തിയ ജനങ്ങള്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി ആ പ്രതിസന്ധിയെ മറികടക്കുവാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  സാധിച്ചിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, ജനപ്രതിനിധികളുടെയും, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് അത് സാധിച്ചത്. ഏതാണ്ട് രണ്ടാഴ്ച്ചകം ഇടമലയാര്‍, ഇടുക്കി  ഡാമുകള്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് ജില്ലയിലെ പുഴയോര മേഖലകളിലും, താഴ്ന്ന പ്രദേശങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് വീണ്ടും മലവെള്ളം എത്തിയപ്പോള്‍, ആവശ്യമായ സേവനം നല്‍കുവാന്‍ ജില്ലയിലെ ആരോഗ്യവകുപ്പിന് ആത്മവിശ്വാസം നല്‍കുന്നതും ഫീല്‍ഡ് തലത്തില്‍ എന്ത് സേവനവും നല്‍കുവാന്‍ സന്നദ്ധരായി നില്‍ക്കുന്ന,ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള, ഡോക്ടര്‍മാരുടെയും  ആരോഗ്യപ്രവര്‍ത്തകരുടെയും സജീവസാന്നിദ്ധ്യം തന്നെ. ഇടമലയാര്‍ ഡാമില്‍ നിന്നും ഇരമ്പിയെത്തുന്ന മലവെള്ളം ഒറ്റപ്പെടുത്തിയ ആദിവാസി മേഖലകളിലേക്ക് പുഴ കടന്ന് ചെന്നും വൈദ്യസഹായം നല്‍കിയ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറും ജീവനക്കാരും തൊട്ട് ഇങ്ങ് പടിഞ്ഞാറേയറ്റം പെരിയാറിന്റെ ഇരു കൈവഴികളിലെയും തീരത്ത് നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ ജനങ്ങളോടൊപ്പം തങ്ങി ഓരോ വ്യക്തിയുടെയും ആരോഗ്യ പരിചരണത്തില്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന്  ജില്ലയില്‍ ആരോഗ്യമേഖലയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന സേവനങ്ങളാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെയും വിവിധ വിഭാഗ? ജീവനക്കാരുടെയും സംഘടനകളും സജീവമായി തന്നെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനങ്ങളുമായി എത്തുന്നുണ്ട് എന്നതു? ഈ അവസരത്തില്‍ ഏറെ സന്തോഷമുള്ള കാര്യമാണ്. എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളും ക്യാമ്പുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആഗസ്റ്റ് 11, 12  എന്നീ തീയതികള്‍ പൊതു അവധി ദിനങ്ങളായിരുന്നിട്ടും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ്. ക്യാമ്പുകള്‍ കഴിഞ്ഞു, വീടുകളില്‍ ആളുകള്‍ തിരിച്ചെത്തിയാലും ജാഗ്രതയോടെ ആവശ്യമായ നിര്‍ദേശങ്ങളുമായി ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഒപ്പമുണ്ടാകും.നമ്മുടെ ജില്ലയെ പകര്‍ച്ചവ്യാധികളില്ലാത്ത ഒരു ക്ലീന്‍ ജില്ലയാക്കി മാറ്റിയെടുക്കുവാന്‍ എല്ലാവരു? സഹകരിക്കുക.

 

 

മഴക്കെടുതിയും വെള്ളപ്പൊക്കവും നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്

മഴക്കെടുതിയും വെള്ളപ്പൊക്കവും നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് വാഗ്ദാനം ചെയ്തു. പറവൂര്‍ താലൂക്കിലെ എളന്തിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. 

മഴക്കെടുതി മൂലമുള്ള സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളില്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചത്.  കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ പത്തുദിവസം മുമ്പ് കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജു എത്തിയിരുന്നു. അദ്ദേഹവും കേരളത്തിലെ സ്ഥിതിയെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഉള്ള സ്ഥിതിഗതികളെക്കുറിച്ച് ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴക്കെടുതി നേരിട്ടവര്‍ക്ക് എല്ലാവിധ  പിന്തുണയുമായി സര്‍ക്കാര്‍ കൂടെയുണ്ട്. 

കേന്ദ്ര ടൂറിസംസഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, കെ വി തോമസ് എം പി, വി ഡി സതീശന്‍ എംഎല്‍എ തുടങ്ങിയവര്‍ മന്ത്രി യോടൊപ്പം ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും പുത്തന്‍ വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി വി ലാജുവും സന്നിഹിതരായിരുന്നു

ക്യാമ്പിലെ അംഗങ്ങളായ ലക്ഷ്മി നടേശനും വിജി കുമാരനും കേന്ദ്ര മന്ത്രിയോട് ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ചും തിരിച്ച് വീട്ടിലെത്തുമ്പോള്‍ അവര്‍ക്കുള്ള ആശങ്കകളെ കുറിച്ചും സംസാരിച്ചു. 

 

പുത്തന്‍ വേലിക്കര പഞ്ചായത്തിലെ എളന്തിക്കര കോഴി തുരുത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 141 കുടുംബങ്ങളാണ് ഗവ.എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ ഉള്ളത്. 81 കുട്ടികളും 223 വനിതകളുമടക്കം 520 പേര്‍ ക്യാമ്പിലുണ്ട്. നാലു ദിവസമായി ഇവര്‍ ക്യാമ്പിലെത്തിയിട്ട്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് കോഴിതുരുത്ത് . ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന കണക്കന്‍ കടവിലാണ് കോഴിതുരുത്ത്. പുഴയാല്‍ ചുറ്റപ്പെട്ട കോഴിതുരുത്ത് വെള്ളം കയറിയാല്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. ചെറിയൊരു പാലം മാത്രമാണ് ഇവര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം. വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് പാലം ഭാഗികമായി തകര്‍ന്ന നിലയിലാണ്.

അവധി

 

പറവൂര്‍ താലൂക്കില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും  13082018 ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു

 

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

 

കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ,  അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള , ഐ.ജി. വിജയ് സാക്കറെ, റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ടാര്‍മാര്‍ക്കില്‍ മന്ത്രിയെ സ്വീകരിച്ചു. കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തി

 

തുടര്‍ന്ന് ഡൊമസ്റ്റിക് ടെര്‍മിനലിലെ വിഐപി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി  മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിസിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ കാണുന്നതിനായി കേന്ദ്ര മന്ത്രി നെടുമ്പാശ്ശേരിയില്‍ നിന്നും യാത്ര തിരിച്ചു. ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററില്‍ നിന്ന് അദ്ദേഹം വീക്ഷിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരും ഹെലികോപ്റ്ററില്‍ കേന്ദ്രമന്ത്രിയ്‌ക്കൊപ്പുണ്ടായിരുന്നു. 

 

തുടര്‍ന്ന് ഇളന്തിക്കര ഗവ. എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

 

 

ദുരിതാശ്വാസനിധിയിലേക്ക് തുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ 5 ലക്ഷം രൂപ പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട് സെക്രട്ടറി രാതുല്‍ റാം എന്നിവരുടെ നേതൃത്വത്തില്‍ കൈമാറുന്നു

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിങ് ട്രസ്റ്റി കെ ആനന്ദ് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു. ആലുവ ഗസ്റ്റ് ഹൗസില്‍ വച്ചാണ് തുക കൈമാറിയത് അഡ്വക്കറ്റ്  ലത ആനന്ദ്, സിപി ജയശങ്കര്‍ എന്നിവര്‍ സമീപം

date