Skip to main content

എറണാകുളം അറിയിപ്പുകള്‍ 2

മഴക്കെടുതി: ജില്ലയില്‍ നിലവില്‍ 10 ക്യാമ്പുകള്‍

 

കൊച്ചി: മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ലയില്‍ നിലവില്‍ പത്ത് ക്യാമ്പുകളാണുള്ളത്. 223 കുടുംബങ്ങളിലായി 834 പേരാണ് ക്യാമ്പുകളിലുള്ളത്. ആലുവ താലൂക്കില്‍ എസ്പി ഡബ്‌ളിയു എല്‍പി സ്‌കൂള്‍, തൈക്കാട്ടുകര, കീഴ്മാട് എസ്എന്‍ഡിപി ഹാള്‍, എളവൂര്‍ സെന്റ്‌മേരീസ് പാരിഷ് ഹാള്‍ എന്നീ മൂന്നു ക്യാമ്പുകളാണുള്ളത്. കണയന്നൂര്‍ താലൂക്കില്‍ കുന്നുംപുറം ജിഎച്ച് എസ് എസ്, എച്ച്എംടി എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. പറവൂര്‍ താലൂക്കില്‍ ഹിന്‍ഡാല്‍കോ യൂണിയന്‍ ഓഫീസ്, ജിഎല്‍പിഎസ് കുറ്റിക്കാട്ടുകര, പാതാളം ഹൈസ്‌കൂള്‍, വയല്‍ക്കര അമ്മണത്തുപള്ളം അങ്കണവാടി നമ്പര്‍ 17, ചെറിയതെക്കേനകം അങ്കണവാടി നമ്പര്‍ 20 എന്നിവിടങ്ങളിലാണ് ക്യാമ്പ്.

 

ജിഎസ്ടി മൈഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 31 വരെ അവസരം

 

കൊച്ചി: പലകാരണങ്ങളാല്‍ ജി എസ് ടി യിലേക്ക് മൈഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഓഗസ്റ്റ് 31 നകം ജിഎസ്ടി രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകുന്നതിന് അവസരം. ഇതിനായി,  കേരള മൂല്യവര്‍ദ്ധിത നികുതി, സേവന നികുതി, ആഡംബര നികുതി തുടങ്ങിയ നിയമപ്രകാരം രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന വ്യാപാരികളും വ്യക്തികളും ജിഎസ്ടിയിലേകക് മൈഗ്രേറ്റ് ചെയ്യാനായി താല്‍ക്കാലികമായി ലഭിച്ച ഐ ഡി  നമ്പര്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ജിഎസ്ടി ക്ക് മുമ്പുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍  തുടങ്ങിയ വിവരങ്ങളുമായി അതത് പ്രദേശത്തെ ജിഎസ്ടി ഓഫീസുമായി ബന്ധപ്പെടണം.

 

 

വികസന രംഗത്ത് ജനപങ്കാളിത്തം ഉറപ്പാക്കി

വിവിധ  പഞ്ചായത്തുകളില്‍ ജനസമ്പര്‍ക്കം

 

പാമ്പാക്കുട: പഞ്ചായത്ത്തല വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഇലഞ്ഞി, തിരുമാറാടി  പഞ്ചായത്തുകളില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തുകളില്‍ ലഭിച്ച പരാതികള്‍ക്ക് അതിവേഗം തീര്‍പ്പു കല്‍പ്പിച്ചും അതിര്‍ത്തി തര്‍ക്കങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെ ഇടപെടലിലൂടെ  ഒത്തുതീര്‍പ്പാക്കിയും ജനസമ്പര്‍ക്കം ശ്രദ്ധേയമായി.  വിജിലന്‍സ് വാരാചരണത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച ചര്‍ച്ചകളില്‍ ജനങ്ങളുടെ സജീവ  പങ്കാളിത്തം  ഉണ്ടായിരുന്നു. പഞ്ചായത്തുകളില്‍ പ്രതിമാസ അദാലത്തുകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാല്‍ പഴയ പരാതികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

 

            തിരുമാറാടി പഞ്ചായത്തില്‍  പ്രസിഡന്റ് ഒ.എന്‍ വിജയന്റെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പഞ്ചായത്ത് വികസനപ്രവര്‍ത്തനങ്ങളിലും നടപ്പില്‍ വരുത്താന്‍ പോകുന്ന പദ്ധതികളിലും പൊതുജന അഭിപ്രായം ആരാഞ്ഞു. ഈമാസം 20ന് തിരുമാറാടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി  ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡണ്ട് അറിയിച്ചു. അന്നേദിവസം തന്നെ കൃഷിവകുപ്പിന് കീഴില്‍ ജില്ലാ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പച്ചക്കറി സ്റ്റാളുകളുടെ ഉദ്ഘാടനവും തിരുമാറാടിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

ആരോഗ്യരംഗത്ത് പഞ്ചായത്ത്  വന്‍പ്രാധാന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന  പദ്ധതികള്‍ പൊതുജനത്തിന് ഉപകാരപ്രദമാകുന്ന വിധത്തില്‍ കാര്യക്ഷമമായി നടപ്പാക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പുഷ്പലത രാജു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാജു ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ മുരളീധര കൈമള്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  കെ.ആര്‍ പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി അഖില യു.എസ്, പഞ്ചായത്ത് അംഗങ്ങളായ ലിസി രാജന്‍, പ്രശാന്ത് പ്രഭാകരന്‍, സ്മിത ബൈജു  തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത്തല അദാലത്ത് അടുത്തമാസം ചേരുമെന്നും പ്രസിഡന്റ് അറിയിച്ചു.

 

         ഇലഞ്ഞി പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡന്റ് ജിലു സിബിയുടെ നേതൃത്വത്തില്‍ നടന്ന  ജനസമ്പര്‍ക്കത്തില്‍ വിവിധ പരാതികളില്‍ പരിഹാരം കണ്ടു. തൊഴിലാളി ക്ഷേമനിധി സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട  ഓഫീസിന് കൈമാറുമെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു.  സംസ്ഥാനം നേരിടുന്ന  കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ നിയന്ത്രണം ഉണ്ടാകുമെന്ന് ജിലു സിബി അറിയിച്ചു. ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കുന്ന ചടങ്ങ് മുന്‍ വര്‍ഷങ്ങളിലേതുപോലെ പഞ്ചായത്ത് ഹാളില്‍ നടത്തും.  

 

    ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല സുഹവാസ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിയാ മനോജ്, പഞ്ചായത്ത് സെക്രട്ടറി അനുമോള്‍ .കെ, പഞ്ചായത്തംഗങ്ങളായ പി.എ ദേവസ്യ, സിജി സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജയസൂര്യ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: നടന്‍ ജയസൂര്യ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇന്നലെ (ആഗസ്റ്റ് 12) പുത്തന്‍വേലിക്കര പഞ്ചായത്തിലെ തേലാത്തുരുത്തില്‍ കേരള ഓഡിറ്റോറിയത്തിലാണ് ജയസൂര്യ എത്തിയത്. വി.ഡി.സതീശന്‍ എം.എല്‍.എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ലാജു, വാര്‍ഡ് മെമ്പര്‍ വി.എസ്.അനിക്കുട്ടന്‍ എന്നിവരും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ജയസൂര്യയെ സ്വീകരിച്ചു. ജയസൂര്യ നല്‍കിയ അരി  എം.എല്‍.എ വി.ഡി.സതീശനും വാര്‍ഡ് മെമ്പര്‍ വി.എസ്.അനിക്കുട്ടനും ഏറ്റുവാങ്ങി. ചെറുകടപ്പുറം ഫാത്തിമമാതാ ഹാള്‍ കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് യു.പി സ്‌കൂള്‍, എളന്തിക്കര ഗവ:എല്‍.പി.സ്‌കൂള്‍, മാളവന എല്‍.പി.സ്‌കൂള്‍, പുത്തന്‍വേലിക്കര സ്റ്റേഷന്‍കടവ് സ്‌കൂള്‍, വലിയപഴംമ്പിളളി തുരുത്ത്, പറങ്കിയാട്ട് കുരിശ് പളളി സ്‌കൂള്‍ എന്നീ ക്യാമ്പുകളും ജയസൂര്യ സന്ദര്‍ശിച്ചു.

 

 

അപ്രന്റീസ് നേഴ്‌സ് കൂടിക്കാഴ്ച 17-ന്

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ നൂതന പദ്ധതിയായ അപ്രന്റീസ് നേഴ്‌സ് പരിശീലന പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുപ്പിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 17ന് രാവിലെ 10.30ന് നടത്തും. അപ്രന്റീസ് നേഴ്‌സ് പദ്ധതിയിലേയ്ക്ക് അപേക്ഷ

സമര്‍പ്പിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, സ്വഭാവം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം അന്നേ

ദിവസം കാക്കനാട് കളക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്സില്‍ ബന്ധപ്പെടുക. (0484-2422256).

 

ഹാന്റക്‌സ് - 100 കോടി രൂപയുടെ വില്പന ലക്ഷ്യം

കൊച്ചി: സ്റ്റേറ്റ് ഹാന്റ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഹാന്റക്‌സ്) പുത്തന്‍ പരിഷ്‌കാരങ്ങളിലൂടെ ഈ വര്‍ഷം 100 കോടി രൂപയുടെ വില്പന ലക്ഷ്യമിടുന്നു. എറണാകുളം മേഖലയില്‍ മൂന്ന് ഷോറൂമുകളാണ് ഇത്തവണ കൂടുതല്‍ വില്പന ലക്ഷ്യമിട്ട് നവീകരിച്ച് ഉദ്ഘാടനം ചെയ്തിട്ടുളളത്. അതില്‍ ആധുനിക ഷോപ്പിംഗ് സൗകര്യങ്ങളോടെ എറണാകുളം ബോട്ട്‌ജെട്ടിക്ക് സമീപമുളള ഹാന്റക്‌സ് എംപോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി.എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. കൂടാതെ നോര്‍ത്ത് പറവൂര്‍, ചോറ്റാനിക്കര എന്നീ ഡിപ്പോകള്‍ കൂടി നവീകരിച്ച് ഓണവില്പന വര്‍ദ്ധിപ്പിക്കുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ  പ്രാഥമിക കൈത്തറി നെയ്ത്തു സഹകരണ സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന കൈത്തറിത്തുണിത്തരങ്ങള്‍ ഇവിടെ ലഭ്യമാകും. കേരളമൊട്ടാകെയുളള 92 വില്പനശാലകള്‍ വഴി 100 കോടി വില്പന ലക്ഷ്യം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം മേഖലയില്‍ അഞ്ച് കോടി രൂപയുടെ ഓണം വില്പനയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

ഓണം പ്രമാണിച്ച് എല്ലാ കൈത്തറി വസ്ത്രങ്ങള്‍ക്കും 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും 5000 രൂപയ്ക്ക് മേല്‍ ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് 10 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും നല്‍കും.

ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍, പൊതുമേഖല ബാങ്ക്, സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപയുടെ കൈത്തറി വസ്ത്രങ്ങള്‍ റിബേറ്റ് ആനുകൂല്യത്തോടെ വാങ്ങാം.

ഹാന്റക്‌സിന്റെ ഉപഭോക്താക്കള്‍ക്ക് ഇ-കാര്‍ഡ് സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കേരള തനിമയും, പ്രൗഢിയും ഒത്തിണങ്ങിയ കസവിനങ്ങളും, സാരി, ബെഡ്ഷീറ്റ്, ഡബിള്‍ വേഷ്ടി, കാവി, കോട്ടണ്‍ ഷര്‍ട്ടിംഗ്, സാറ്റിന്‍ ബഡ്ഷീറ്റ്, സെറ്റ് മുണ്ട് എന്നീ ഇനങ്ങള്‍ ഷോറൂമുകളില്‍ ലഭ്യമാണ്.

 

 

പഞ്ചായത്ത് വകുപ്പ് - വിജിലന്‍സ് വാരാചരണം സമാപനം ഇന്ന് (ആഗസ്റ്റ് 14)

 

കൊച്ചി: പഞ്ചായത്ത് വകുപ്പിന്റെ വിജിലന്‍സ് വരാചരണം ആഗസ്റ്റ് 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടത്തുന്ന ജില്ലാതല ക്വിസ് മത്സരത്തോടെ അവസാനിക്കും. 

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരും, ജനപ്രതിനിധികളും അടങ്ങുന്ന ടീമുകള്‍ക്കിടയില്‍ പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ഗ്രാമപഞ്ചായത്തുകളെ അഴിമതിരഹിത ജനസൗഹൃദ സദ്ഭരണ കാര്യാലയങ്ങളായി മാറ്റുന്നതുമായി ബന്ധപ്പെട്ട് ആഗസ്ത് 8 മുതല്‍ 14 വരെ വകുപ്പ്തല വിജിലന്‍സ് വാരാചരണം നടത്തിയതിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ജനസമ്പര്‍ക്ക പരിപാടികള്‍, പ്രശ്‌നോത്തരികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവ നടത്തിയിരുന്നു. 

date