Skip to main content

വീട്ടിലേക്ക് വാഹനമെത്താന്‍ വഴി, ഓമനയുടെ പരാതിയില്‍ വ്യവസായമന്ത്രിയുടെ അനുഭാവപൂര്‍വമായ നടപടി

മല്ലശ്ശേരി സ്വദേശിയായ ഓമന സോമന്‍ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിലെത്തിയത് വീട്ടിലേക്ക് വാഹനം പോകാന്‍ ഒരു വഴി വേണമെന്ന ആവശ്യവുമായാണ്. മകന്റെ ഭാര്യയ്ക്കൊപ്പം താമസിക്കുന്ന ഓമന പ്രായമായ ആളാണ്.
ഇപ്പോള്‍ വീട്ടിലേക്ക് നടപ്പാത മാത്രമാണുള്ളതെന്നും എന്തെങ്കിലും അസുഖം വന്നാല്‍ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണെന്നും അത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവര്‍ മന്ത്രിയെ അറിയിച്ചു. പരാതിയില്‍ വിശദീകരണം തേടിയ മന്ത്രിയോട് ഇവരുടെ വീട്ടിലേക്കുള്ള നടപ്പാതയുടെ ഇരുവശത്തും സ്വകാര്യവ്യക്തികളുടെ ഭൂമിയാണെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിതാകുമാരി അറിയിച്ചു.
സമീപവാസികളുമായി സംസാരിച്ച് സമവായത്തില്‍ നടപടി സ്വീകരിക്കാനും ഓമനയുടെ പരാതിക്ക് പരിഹാരം കണ്ടെത്താനും വ്യവസായമന്ത്രി പി.രാജീവ് നിര്‍ദ്ദേശം നല്‍കിയതോടെ സന്തോഷത്തോടെ ഓമന മടങ്ങി.
 

date