Skip to main content

മഴക്കെടുതി: നഷ്ടപരിഹാരം കാലതാമസമില്ലാതെ അര്‍ഹര്‍ക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് റവന്യൂ മന്ത്രി

    മഴക്കെടുതി മൂലം വീടും കൃഷിയും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക കാലതാമസമില്ലാതെ അര്‍ഹരയാവര്‍ക്കു മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
    എന്തെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങി അര്‍ഹതയില്ലാത്തവരുടെ കരങ്ങളിലേക്ക് അത് ചെന്നെത്തുന്ന അവസ്ഥയുണ്ടാവരുത്. അതേസമയം ന്യായമായും നഷ്ടപരിഹാരം ലഭിക്കേണ്ട ഒരാള്‍ക്കും അത് വൈകരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എത്രയും വേഗം നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിക്കണം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകള്‍ ആരീതിയില്‍ തന്നെ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് തിരിച്ചുപോവുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കണം. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളിലെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനും  പരിസരം മാലിന്യമുക്തമാക്കുന്നതിനും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. 
    സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ള വന്‍ദുരന്തമാണ് ഇത്തവണ ഉണ്ടായത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും സംഘടനകളും ഒറ്റക്കെട്ടായി അണിനിരന്നതാണ് ഈ വലിയ ദുരന്തം അതിജീവിക്കാന്‍ സഹായകമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മഴക്കെടുതി മൂലം എണ്ണായിരത്തിലേറെ കോടി രൂപയുടെ നാശനഷ്ടമാണ് ഇതിനകം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം മലയോരമേഖലയിലെ പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് 101900 രൂപയാണ് നഷ്ടപരിഹാരം. മറ്റിടങ്ങളില്‍ 95000 രൂപയും. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്താണ് നഷ്ടപരിഹാരം നാലു ലക്ഷമായി നിശ്ചയിച്ചത്. ആളുകള്‍ക്കുണ്ടായ നഷ്ടം പൂര്‍ണമായും നികത്താന്‍ ഇതു മതിയാവില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന് താങ്ങാവുന്നതിലേറെ തുകയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഗികമായി വീടു തകര്‍ന്നവരുടെ കാര്യത്തില്‍ യഥാര്‍ത്ഥ സ്ഥിതി നോക്കിത്തന്നെ നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും മന്ത്രി പറഞ്ഞു.
    നഷ്ടങ്ങളുടെ കണക്കെടുക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ഓവര്‍സീയര്‍മാറും കൃഷി ഓഫീസറുമടങ്ങുന്ന സംഘത്തിന് നേരിട്ടെത്താന്‍ പറ്റാത്തതോ ഒഴിഞ്ഞുപോയതോ അവരുടെ ശ്രദ്ധയില്‍പ്പെടാത്തതോ ആയ കേസുകള്‍ 16ന് പഞ്ചായത്ത് ഓഫീസുകളില്‍ നടക്കുന്ന പബ്ലിക് ഹിയറിംഗില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ 63 എണ്ണത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായി. ബാക്കിയുള്ളവ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാക്കും. കൃഷിനാശത്തിന്റെ കണക്കെടുപ്പ് രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 24 പേരാണ് മരിച്ചത്. ഇവരില്‍ 18 പേരുടെ കുടുംബങ്ങള്‍ക്ക് ഇതിനകം നഷ്ടപരിഹാരം വിതരണം ചെയ്തതായും കലക്ടര്‍ അറിയിച്ചു. 
    കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എസ്പി ജി ശിവവിക്രം, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, മെമ്പര്‍ തോമസ് വര്‍ഗീസ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഷാജി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date