Skip to main content

തലബയലില്‍ റിംഗ് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു

വര്‍ഷങ്ങളായി കാല്‍നടയ്ക്കും വാഹന ഗതാഗതത്തിനും പ്രയാസം അനുഭവിക്കുകയായിരുന്ന തലബയലിലെ ജനങ്ങള്‍ക്ക് ആശ്വാസം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കുമ്പഡാജെ ഗ്രാമ പഞ്ചായത്തിലെ തലബയലില്‍ നിര്‍മ്മിച്ച റിംഗ് ചെക്ക് ഡാം പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ നാടിന് സമര്‍പ്പിച്ചു. ചെളി അടിഞ്ഞു കൂടുന്നതും തോടിന്റെ പാര്‍ശ്വഭിത്തികളിലെ മണ്ണിടിയുന്നതും കാരണം വര്‍ഷങ്ങളായി കാല്‍നടയ്ക്കും വാഹന ഗതാഗതത്തിനും പ്രയാസം അനുഭവിക്കുകയായിരുന്നു തലബയലിലെ ജനങ്ങള്‍. 3.52 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിക്ക് 192 തൊഴില്‍ ദിനങ്ങളാണ് ആവശ്യമായി വന്നത്. ജല സംരക്ഷണത്തിനുള്ള ഒരു പുത്തന്‍ മാതൃക എന്നതിലുപരി രണ്ട് വാര്‍ഡുകള്‍ (6,8) തമ്മിലുള്ള ഗതാഗത സൗകര്യം സുഗമമാക്കുന്നതിനും ഈ നിര്‍മ്മിതിയിലൂടെ സാധ്യമാകും. ചെറു വാഹനങ്ങള്‍ കടന്നു പോകുന്നതിനും കാല്‍നട യാത്രയ്ക്കും ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ചെക്ക് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്ത, വാര്‍ഡ് മെമ്പര്‍ സുനിത, പഞ്ചായത്ത് സെക്രട്ടറി, വി.ഇ.ഒ, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കൃഷി ഓഫീസര്‍, ബ്ലോക്ക് എ.ഇ, തൊഴിലുറപ്പ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
 

date