ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ നമുക്ക് കഴിയണം - മന്ത്രി മാത്യു ടി.തോമസ്
വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നത് നമ്മുടെ സഹോദരങ്ങളാണെന്നും, അവരുടെ ബുദ്ധിമുട്ട് മനസിലാക്കി ആശ്വാസമേകാന്‍ നമുക്ക് കഴിയണമെന്നും ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പൂര്‍ണ സഹായം എത്തിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരിതബാധി തര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടുമാത്രം ഇവരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയണമെന്നില്ല. അടിയന്തരമായി ആവശ്യമുള്ള പല കാര്യങ്ങളിലും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായംകൂടി ആവശ്യമാണ്. ജില്ലയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സവിശേഷമായ ഒരു സാഹചര്യമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ഇത് നേരിടാന്‍ നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവ ര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
വസ്ത്രങ്ങള്‍ മുതല്‍ പഠനോപകരണങ്ങള്‍ വരെ ശേഖരിക്കും
വെള്ളപ്പൊക്കം ദുരിതം വിതച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മെത്ത, തലയിണ, പുതപ്പ് തുടങ്ങി കുട്ടികള്‍ക്ക് വേണ്ട പഠനോപകരണങ്ങള്‍ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും സ്വരൂപിക്കാനും യോഗത്തില്‍ തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ദുരിതം പേറുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സന്മനസോടെ എത്തിയ എല്ലാവര്‍ക്കും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രത്യേക നന്ദി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി മാതൃക കാട്ടിയവര്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മല്ലേലില്‍ ശ്രീധരന്‍ നായര്‍ (മല്ലേലില്‍ ഇന്‍ഡസ്ട്രീസ്)അഞ്ച് ലക്ഷം രൂപയും പി.ജെ ബേബി (പാറയില്‍ ഹൗസ് പത്തനംതിട്ട), ബിനു ജോണ്‍ (മിഡോസ് വേവ്‌സ്, റിയാദ്) എന്നിവര്‍ ഒരു ലക്ഷം രൂപയും യോഗത്തില്‍ വച്ച് ജില്ലാ കളക്ടര്‍ക്ക് കൈമാറി. യാക്കോബായ സഭയുടെ കുവൈറ്റ് ഭദ്രാസനം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ നല്‍കിയിരുന്നു.
സഹായ വാഗ്ദാനവുമായി സന്നദ്ധസംഘടനകളും വ്യക്തികളും
വിവിധ സന്നദ്ധ പ്രവര്‍ത്തകരും, വ്യക്തികളും, സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്. കളക്ടറേറ്റ് ജീവനക്കാര്‍ അന്‍പതിനായിരം രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കും. ജില്ലാ കളക്ടര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനായിരം രൂപ സംഭാവന നല്‍കി. സാമൂഹ്യപ്രവര്‍ത്തകയും റിട്ട.പ്രൊഫസറുമായ എം.എസ് സുനില്‍ ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ട വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എത്തിക്കുമെന്ന് ഉറപ്പ് നല്‍കി. വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍, ഹോളി എയ്ഞ്ചല്‍സ്, മേരിമാത എന്നീ സ്‌കൂളുകള്‍ കുട്ടികള്‍ക്കാവശ്യമായ പാഠ്യോപകരണങ്ങള്‍, ലയണ്‍സ് ക്ലബ്്് അന്‍പതിനായിരം രൂപയുടെ ബെഡ്ഷീറ്റ്, കേരള വ്യവസായി ഏകോപനസമിതി ഒരു ലക്ഷം രൂപയുടെ മെത്ത, തിരുവല്ല റോട്ടറി ക്ലബ് ഇരുന്നൂറ് ബക്കറ്റ് തുടങ്ങിയവയും എത്തിക്കും. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജീവനക്കാരും സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. .
പോബ്‌സണ്‍ ഗ്രൂപ്പ് രണ്ട് ലക്ഷം, ജില്ലാ സഹകരണ ബാങ്ക് അന്‍പതിനായിരം രൂപ, അബ്ദുള്‍ റഹിം മത്താര്‍ ഇരുപത്തി അയ്യായിരം രൂപ, സ്‌കൈ ഹോട്ടല്‍ ഷിജി ജോര്‍ജ് അന്‍പതിനായിരം രൂപ, വ്യാപാരി വ്യവസായി ഫെഡറേഷന്‍ പതിനായിരം രൂപ, അടൂര്‍ ഐ.എച്ച്.ആര്‍.ഡി അന്‍പതിനായിരം രൂപ, വെച്ചൂച്ചിറ പോളി ടെക്‌നിക് പതിനായിരം രൂപ, കോന്നി റിപ്പബ്‌ളിക് സ്‌കൂള്‍ 25000 രൂപ എന്നീ തുകകള്‍ പണമായി നല്‍കാമെന്ന് അറിയിച്ചു. ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ അവരുടെ ഓണാഘോഷം മാറ്റി വച്ച് ആ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു.
സഹായം സ്വീകരിക്കാന്‍ താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും പ്രത്യേക സംവിധാനം
ദുരിതബാധിതരെ സഹായിക്കുന്നതിന് സംഘടനകള്‍ക്കും വ്യക്തിക ള്‍ക്കും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുക നല്‍കുന്നവര്‍ ചെക്കായോ ഡ്രാഫ്റ്റായോ മാത്രം സംഭാവനകള്‍ നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കേണ്ടത്. സാധന സാമഗ്രികള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റിലോ നല്‍കാവുന്നതാണ്. സംഭാവനകള്‍ നല്‍കുന്നവരുടെ വിവരങ്ങളും നല്‍കിയ പണം/വസ്തുക്കളുടെ വിവരങ്ങളും കൃത്യമായ രേഖപ്പെടുത്തലുകളോടെ സൂക്ഷിക്കും. ഇവ ദുരിതബാധിതര്‍ക്ക് എത്തുന്നു എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തും.
സഹായം ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ കളക്ട്രേറ്റിലോ ദുരന്തനിവാരണ ഓഫീസിലോ അടൂര്‍, തിരുവല്ല ആര്‍.ഡി ഓഫിസുകളിലോ അറിയിക്കേണ്ടതാണ്. നിലവില്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്തവരും തുടര്‍നടപടികള്‍ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കണം. ഏത് തരത്തിലുള്ള പ്രവര്‍ത്തനം നടത്തിയാലും അത് റവന്യു അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെടുത്തി ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് വിളിക്കേണ്ട നമ്പറുകള്‍ : ജില്ലാ കളക്ടര്‍- 9447029008, എ.ഡി.എം- 9446504515, ഡെപ്യൂട്ടി കളക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്)- 8547610039, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫീസ്- 0468 2322515, അടൂര്‍ ആര്‍.ഡി.ഒ-9447799827, തിരുവല്ല ആര്‍.ഡി.ഒ- 9447114902.
എ.ഡി.എം പി.ടി ഏബ്രഹാം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, ജില്ലയിലെ വിവിധ വ്യാപാരസംഘടനകളുടെയും, സ്ഥാപനങ്ങളുടേയും സ്‌കൂള്‍ കോളേജ്, ബാങ്ക്, സന്നദ്ധ സംഘടന, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പിഎന്‍പി 2337/18)
- Log in to post comments