Skip to main content

എറണാകുളം അറിയിപ്പുകള്‍

മഹാരാജാസ് കോളേജ് ബിരുദ പ്രവേശനം

കൊച്ചി: മഹാരാജാസ് കോളേജ് 2018-19 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് അറബിക്-അഞ്ച്, മാത്തമാറ്റിക്‌സ്-ഒന്ന്, ഇന്‍സ്ട്രുമെന്റേഷന്‍-ഒന്ന്, മ്യൂസിക്-ഒന്ന് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 17-ന് കോളേജ് ഓഫീസില്‍ നിന്നും ആപ്ലിക്കേഷന്‍ ഫോം വാങ്ങി അന്ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പായി പൂരിപ്പിച്ച് നല്‍കണം. മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

 

ജില്ലാ ഹോമിയോ ആശുപത്രിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഇനി പറയുന്ന ഓരോ ഒഴിവുകളിലേക്ക് ദിവസവേതന നിരക്കില്‍ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), യോഗ്യത ബി.എച്ച്.എം.എസ്/എം.ഡി (ഹോമിയോ), ഫാര്‍മസിസ്റ്റ് യോഗ്യത സി.സി.പി/എന്‍.സി.പി അഭിലഷണീയം. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത പ്ലസ് ടു സയന്‍സ് ഐഛിക വിഷയമായെടുത്ത് സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.റ്റി/ബി.എസ്.സി എം.എല്‍.റ്റി കോഴ്‌സ് പാസായിരിക്കണം. 

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് ആഗസ്റ്റ് 21-ന് രാവിലെ 10 നും മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 29-ന് രാവിലെ 10 നും അസല്‍ രേഖകളുമായി കലൂര്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-എന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 0484-2345687.

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ ആരംഭിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപനത്തില്‍ മൂന്ന് മാസത്തെ ഡസ്‌ക്‌ടോപ്പ് എഞ്ചിനീയറിംഗ്, നെറ്റ് വര്‍ക്ക് ആന്റ് സപ്പോര്‍ട്ടിംഗ് എഞ്ചിനീയറിംഗ്, സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ എന്നീ കോഴ്‌സുകളില്‍ പഠനം നടത്തുന്നതിനായി എസ്.എസ്.എല്‍.സി /പ്ലസ് ടു/ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുന്നു. പഠന കാലയളവില്‍ താമസ ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാണ്.

താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്റ്റ് 16-ന് രാവിലെ 10-ന് മാതിരപ്പിളളി പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ 0485-2814957.

 

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ എറണാകുളം ചിറ്റൂര്‍ റോഡിലുളള (ഷേണായീസിനു സമീപം) വൈ.എം.സി.എ ഹാളില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.

 

അപ്രന്റീസ് നേഴ്‌സ് കൂടിക്കാഴ്ച 17-ന്

കൊച്ചി:പട്ടികജാതി വികസന വകുപ്പിന്റെ നൂതന പദ്ധതിയായ അപ്രന്റീസ് നേഴ്‌സ് പരിശീലന പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുപ്പിനുള്ള കൂടിക്കാഴ്ച 17.08.2018ന് രാവിലെ 10.30ന് നിശ്ചയിച്ചിട്ടുണ്ട്. അപ്രന്റീസ് നേഴ്‌സ് പദ്ധതിയിലേയ്ക്ക് അപേക്ഷ

സമര്‍പ്പിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, സ്വഭാവം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം അന്നേ

ദിവസം കാക്കനാട് കളക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്സില്‍ ബന്ധപ്പെടുക. (04842422256).

 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍

വിദ്യാഭ്യാസ അവാര്‍ഡും കായിക പ്രോത്സാഹന അവാര്‍ഡ് ദാനവും

കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം മേഖല 2017/18 അദ്ധ്യയന വര്‍ഷത്തെ മത്സ്യത്തൊഴിലാളികളുടെയും, അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ അവാര്‍ഡും, കായിക പ്രോത്സാഹന അവാര്‍ഡ് ദാനവും, ക്യാഷ് അവാര്‍ഡും ആഗസ്റ്റ് 17-ന് വൈകിട്ട് മൂന്നിന് അയ്യമ്പിളളിയിലുളള കുഴുപ്പിളളി സര്‍വ്വീസ് സഹകരണ ബാങ്ക് സഹകരണ നിലയത്തില്‍ എസ്.ശര്‍മ എം.എല്‍.എ വിതരണം ചെയ്യും. കായിക പ്രോത്സാഹന അവാര്‍ഡ്  ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ വിതരണം ചെയ്യും. സി.പി.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോഷി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അയ്യമ്പിളളി ഭാസ്‌കരന്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉണ്ണികൃഷ്ണന്‍, മത്സ്യബോര്‍ഡ് കമ്മീഷണര്‍ സി.ആര്‍.സത്യവതി, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സ്വയംതൊഴില്‍ സംരംഭകരുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേള 16 മുതല്‍ കലക്ടറേറ്റ് അങ്കണത്തില്‍

കാക്കനാട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കിയ വിവിധ സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ തുടങ്ങിയവരുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേള ഉണര്‍വ്വ് 2018  ആഗസ്റ്റ് 16 മുതല്‍ കാക്കനാട് കളക്ടറേറ്റ് അങ്കണത്തില്‍ നടക്കും.  ഓണം, ബക്രീദ് വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള മേള പി.ടി.തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.ടി.ഓമന ആദ്യ വില്‍പ്പന നടത്തും. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സുവനീര്‍ പ്രകാശനം ചെയ്യും.  എംപ്ലോയമെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എന്‍.പ്രഭാകരന്‍ പദ്ധതി അവലോകനം നടത്തും.  

  നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് സ്വയംതൊഴില്‍ വിഭാഗത്തിന്റെ ശരണ്യ/ കൈവല്യ/ കെസ്‌റു/ ജോബ് ക്ലബ്ബ് പദ്ധതിയില്‍ വായ്പ നേടി സംരംഭം തുടങ്ങിയവരാണ് മേളയില്‍ പങ്കെടുക്കുന്നത്.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും ജോലി നല്‍കാനുള്ള ഒഴിവ് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലില്ലാത്ത സാഹചര്യത്തിലാണ് വകുപ്പ് സ്വയംതൊഴില്‍ വായ്പാ പദ്ധതികളിലേക്കു കടന്നത്.  പുതിയ സംരംഭകര്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ സഹായിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സവിശേഷ പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ സംരംഭങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.   മേള ആഗസ്റ്റ് 18ന് സമാപിക്കും. 

 

പാല്‍ ഉപഭോക്തൃ മുഖാമുഖവും സെമിനാറും 16ന്

കാക്കനാട്: ക്ഷീരവികസന വകുപ്പിന്റെ പാല്‍ഗുണനിലവാര ജാഗ്രതയജ്ഞ പരിപാടിയുടെ ഭാഗമായി നാളെ (ആഗസ്റ്റ് 16) രാവിലെ 10 മുതല്‍ അങ്കമാലി സി.എസ്.എ. ഓഡിറ്റോറിയത്തില്‍  പാല്‍ ഉപഭോക്തൃ മുഖാമുഖവും സെമിനാറും നടത്തും.  അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ ഉദ്ഘാടനം ചെയ്യും.  വൈസ് പ്രസിഡന്റ് വല്‍സ സേവ്യര്‍ അധ്യക്ഷത വഹിക്കും.  പാലിന്റെ ഗുണനിലവാരം: വസ്തുതകള്‍, പാല്‍ ഗുണഭോക്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും.  വകുപ്പിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍  അവതരിപ്പിക്കുകയും  പ്രദര്‍ശനം നടത്തുകയും ചെയ്യും.

  സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.  ഉല്‍പ്പാദകര്‍ക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള പാലും ലഭ്യമാക്കുന്നതിന്  പ്രാഥമിക തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.  ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന പാല്‍ സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് ഫലം ലഭ്യമാക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.

 

date