Skip to main content

സ്കൂൾ പ്രവേശനോത്സവം നാളെ ; ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ക്യാമ്പസിൽ

 

വേനൽ അവധിക്കാലം കഴിഞ്ഞ് വീണ്ടും വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ. അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാനായി പൊതു വിദ്യാലയങ്ങളിലെന്നുന്ന കുരുന്നുകളെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്.

പ്രവേശനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ ഒന്ന്) രാവിലെ 9.30ന് മെഡിക്കൽ കോളജ് ക്യാമ്പസ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ  അധ്യക്ഷത വഹിക്കും. ചടങ്ങിൽ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഉടമ ആഗ്ന യാമി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി മികവ് പരിപാടിയിൽ വിജയികളായ പ്രതിഭകളെ ആദരിക്കും. ജില്ലാ കലക്ടർ എ.ഗീത ഹലോ ഇംഗ്ലീഷ് സ്റ്റോറി പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ വിദ്യാർത്ഥികളെ വരവേൽക്കും. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രാെജക്ട് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം പ്രവേശനോത്സവ സന്ദേശം കൈമാറും. ചടങ്ങിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ - രാഷ്ട്രീയ സാംസ്കാരിക രംഗത്തെ  പ്രമുഖരും പങ്കെടുക്കും. 

ബ്ലോക്ക് തല പ്രവേശനോത്സവം ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ കേന്ദ്രീകരിച്ച് നടക്കും. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് സ്കൂളുകളിലെ പ്രവേശനോത്സവ ചടങ്ങുകൾ നടക്കുക. കുട്ടികളുടെ കലാപരിപാടികൾ, പ്രവേശനോത്സവ ഗാനത്തിന്റെ അവതരണം, മധുരവിതരണം എന്നിവയുണ്ടാകും. ബി.ആർ.സികളുടെ നേതൃത്വത്തിൽ സ്കൂളുകളിൽ സൗഹൃദസന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയതായി എസ് എസ് കെ ജില്ലാ പ്രാെജക്ട് കോഡിനേറ്റർ  ഡോ.എ.കെ.അബ്ദുൽ ഹക്കീം അറിയിച്ചു. ജില്ലയിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ്സ്, പരിസരം ശുചീകരണം, സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍, കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയുടെ ശുചീകരണം, സ്കൂൾ വാഹനത്തിന്‍റെ ഫിറ്റ്നസ്സ്, സ്കൂള്‍ പരിസരത്തെ കടകൾ തുടങ്ങിയവ പരിശോധിച്ചിട്ടുണ്ട്. നിരോധിത വസ്തുക്കളുടെയും ലഹരി പദാര്‍ത്ഥങ്ങളുടെയും വിൽപ്പന നടത്തുന്നില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രാെജക്ട് കോർഡിനേറ്റർ അറിയിച്ചു.

date