Skip to main content
സർവീസിൽ നിന്ന് വിരമിച്ച ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ ചുമതലയൊഴിഞ്ഞശേഷം കോട്ടയം കളക്‌ട്രേറ്റിന്റെ പടികളിറങ്ങുന്നു.

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിരമിച്ചു

കോട്ടയം: ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ സർവീസിൽനിന്നു വിരമിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫിന്  ചുമതല കൈമാറിയശേഷമാണ് സർവീസിൽ നിന്ന് വിരമിച്ചത്. വൈകിട്ട് ആറിന് കളക്‌ട്രേറ്റിന്റെ പടിയിറങ്ങി.
36 വർഷത്തെ സേവനത്തിനു ശേഷമാണ് ജില്ലാ കളക്ടർ സർവീസിൽനിന്ന് വിരമിക്കുന്നത്. കോട്ടയം ജില്ലയുടെ 47-ാമത് കളക്ടറായി 2021 ജൂലൈ 13നാണ് ചുമതലയേറ്റത്. 1963 മേയ് 26 ന് വൈക്കം ഉദയാനപുരത്താണ് ജനനം. 1978 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എട്ടാം റാങ്കിന് അർഹയായി. 1984 ൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് കൃഷിയിൽ ബിരുദവും 2004 ൽ ഡോക്ടറേറ്റും നേടി. 1987 മുതൽ 13 വർഷം കൃഷി ഓഫീസറായി സേവനമനുഷ്ഠിച്ചു. 2000 ത്തിൽ കേരള കാർഷിക സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചു. 2007 ൽ സംസ്ഥാന സിവിൽ സർവീസ് പരീക്ഷയിലൂടെ ഡെപ്യൂട്ടി കളക്ടറായി സേവനമാരംഭിച്ചു. 2013 ൽ തൃശ്ശൂരിൽ നിന്നും 2015 ൽ കാസർഗോഡ് നിന്നും മികച്ച ഡെപ്യൂട്ടി കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ൽ ഐ.എ.എസ്. ലഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കൃഷി വകുപ്പ് ഡയറക്ടർ, സഹകരണ രജിസ്ട്രാർ, പഞ്ചായത്ത് ഡയറക്ടർ, തിരുവല്ല, തൃശൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ആർ.ഡി.ഒ, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2007 ൽ കോട്ടയത്ത് ഒരു വർഷം ഡെപ്യൂട്ടി കളക്ടറായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിനുള്ള ഉത്തരവിൽ ഒപ്പുവച്ചതും ഡോ. പി.കെ ജയശ്രീയാണ്. മികച്ച വെബ്സൈറ്റിനുള്ള ഡിജിറ്റൽ ഇന്ത്യ ദേശീയ പുരസ്‌കാരവും കേരളത്തിലെ ആദ്യ ഐ.എസ്. ഒ സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റ് എന്ന നേട്ടവും കോട്ടയം കളക്ടറായിരിക്കേ കൈവരിക്കാനായി. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് സ്ഥിരതാമസം. എസ്.ബി.ഐയിൽ മാനേജരായിരുന്ന പി.വി. രവീന്ദ്രൻ നായരാണ് ഭർത്താവ്. മക്കൾ ഡോ. ആരതി ആർ. നായർ, അപർണ ആർ. നായർ.

date