കാര്‍ത്തികപ്പള്ളി തലൂക്ക്തല അദാലത്ത് നാളെ: മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
മന്ത്രിമാരുടെ കാര്‍ത്തികപ്പള്ളി താലൂക്ക്തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും നാളെ (ജൂണ്‍ 8) രാവിലെ 10 മണി മുതല്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ട് മണി മുതല്‍ പരാതികള്‍ നല്‍കാം.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ.മാരായ തോമസ് കെ. തോമസ്, യു. പ്രതിഭ, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, ഹരിപ്പാട് നഗരസഭ അധ്യക്ഷന്‍ കെ.എം. രാജു, കായംകുളം നഗരസഭ അധ്യക്ഷ പി. ശശികല, ഹരിപ്പാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.എസ്. താഹ, എ. ശോഭ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, കെ.ജി. സന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സുരേഷ്, ഷീജ സുരേന്ദ്രന്‍, എബി മാത്യു, അജിത അരവിന്ദന്‍, ജ്യോതിപ്രഭ, എം.കെ. വേണുകുമാര്‍, ഒ. സൂസി, ഗിരിജാ ഭായി, എസ്. വിനോദ് കുമാര്‍, എന്‍. സജീവന്‍, എല്‍. ഉഷ, ഷാനി കുരുമ്പോലില്‍, അശ്വതി തുളസി, തൈയ്യില്‍ പ്രസന്നകുമാരി, എസ്. പവനനാഥന്‍, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അദാലത്ത് വേദിയില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അപേക്ഷ എഴുതി നല്‍കുന്നതുള്‍പ്പെടെയുള്ള സഹായം ഉദ്യോഗസ്ഥര്‍ ചെയ്തു നല്‍കും. തിരക്ക് ഒഴിവാക്കുന്നതിനായി പരാതി സ്വീകരിക്കാനും രജിസ്‌ട്രേഷനും ടോക്കണ്‍ നല്‍കാനുമൊക്കെ പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
പരാതി സ്വീകരിക്കാന്‍ മാത്രമായി കുറഞ്ഞത് മൂന്ന് കൗണ്ടറുകളാണുള്ളത്. ഒരോ കൗണ്ടറിലും പ്രത്യേകം ജീവനക്കാര്‍ ഉണ്ടാകും. എല്ലാ അപേക്ഷകളും ഈ കൗണ്ടറുകളില്‍ നല്‍കാം. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കായി പ്രത്യേകം കൗണ്ടറും ഉണ്ടാകും. പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ചായ, ലഘു ഭക്ഷണമടങ്ങിയ സ്‌നാക്‌സ് ബോക്‌സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഊഴംകാത്ത് നില്‍ക്കാതെ വേഗത്തില്‍ മന്ത്രിമാരെ കണ്ട് പരാതി നല്‍കാം. താത്കാലിക ചികിത്സ സൗകര്യവും അദാലത്തിന് ശേഷം വേദിയും പരിസരവും ശുചിയാക്കുന്നതിനായി ഉദ്യോഗസ്ഥര്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ -തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമപദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം, തെരുവ് നായ സംരക്ഷണം/ ശല്യം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, വന്യജീവി ആക്രണങ്ങളില്‍ നിന്നുളള സംരക്ഷണം, വിവിധ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച പരാതികള്‍/ അപേക്ഷകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, കൃഷിനാശത്തിനുള്ള സഹായം, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, ഭക്ഷ്യ സുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്നുക്ഷാമം, ശാരീരിക/ ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. അല്ലാതുള്ള പരാതികള്‍ ലഭിക്കുന്നത് മന്ത്രിമാര്‍ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തീരുമാനത്തിനായി കൈമാറുകയും ചെയ്യും. അവിടെ ലഭിക്കുന്ന പരാതികളില്‍ സമയ ബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക സെല്‍ തുടര്‍ന്ന് നിലവില്‍ വരും.
- Log in to post comments