കണ്ണൂര് അറിയിപ്പുകള് 13-06-2023
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ജൂൺ 17 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സ്പോർട്സ് മാനേജ്മെൻറ്, എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സർക്കാരിന്റെ നൈപ്യുണ്യ വികസന മിഷനായ കേരളാ അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടി സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എഞ്ചിനീയറിങ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോർട്സ് ആന്റ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ് എം ആർ ഐ) നടത്തുന്ന തൊഴിലധിഷ്ഠിത സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എഞ്ചിനീയറിങ്, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു, ബിരുദം, എഞ്ചിനീയറിങ്, എം ബി എ എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. സ്പോർട്സ് ഏജന്റ്, ക്ലബ് മാനേജർ, ലീഗ് മാനേജർ, സ്പോർട്സ് അനലിസ്റ്റ്, സ്കൗട്ട്, സ്പോർട്സ് ഡവലപ്മെന്റ് ഓഫീസർ, സ്പോർട്സ് എഞ്ചിനീയർ, സ്പോർട്സ് ഫെസിലിറ്റി മാനേജർ, സ്പോർട്സ് സൈക്കോളജിസ്റ്റ്, ഫിറ്റ്നസ് കോച്ച് എന്നിങ്ങനെ സ്പോർട്സ് അനുബന്ധിയായ വിവിധ കരിയറുകൾക്കുള്ള പരിശീലനം ഈ കോഴ്സുകളിലൂടെ ലഭിക്കും. ക്ലാസുകൾ ജൂലൈയിൽ തുടങ്ങും. ഫോൺ: 8891675259, 9746868505, 7902633145. വെബ്സൈറ്റ്: https://smri.in/
അപേക്ഷ ക്ഷണിച്ചു
ഈ അധ്യയന വർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങളായ ലംപ്സം ഗ്രാന്റ്, അഞ്ച് മാസത്തെ പ്രതിമാസ സ്റ്റൈപ്പെന്റ് എന്നിവ വിതരണം ചെയ്യുന്നു. ഇതിനായി ഫോറം നമ്പർ ഒന്നിൽ വിദ്യാർഥികളുടെ പേര് വിവരങ്ങളും ആധാർ കോപ്പി, കുട്ടികളുടെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്, സ്ഥാപനത്തിന്റെ ഫോൺ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 22നകം കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2700357.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് -കാറ്റഗറി നമ്പർ 230/2016 തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2019 മാർച്ച് 29ന് നിലവിൽ വന്ന 204/2019/എസ്എസ് വി നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ 2023 മാർച്ച് 29ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ജൂൺ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണത്തോത്
ജൂൺ മാസം എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി ഗ്രാം അരിയും മൂന്ന് കി ഗ്രാം ഗോതമ്പും സൗജന്യമായും, രണ്ട പാക്കറ്റ് ആട്ട ആറ് രൂപ നിരക്കിലും കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും. റാഗി വിതരണം ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിൽ ഒന്നുകിൽ എട്ട് രൂപാ നിരക്കിൽ ഒരു പാക്കറ്റ് റാഗിയും രണ്ട് കിലോഗ്രാം ഗോതമ്പും അല്ലെങ്കിൽ മൂന്ന് കിലോഗ്രാം ഗോതമ്പും നൽകും.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരി സൗജന്യമായും ഒരു അംഗമുളള കാർഡിന് ഒരു പാക്കറ്റ് ആട്ടയും രണ്ട് അംഗങ്ങളുളള കാർഡിന് രണ്ട് പാക്കറ്റ് ആട്ടയും, മൂന്ന് അംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ടയും, മൂന്നിൽ കൂടുതൽ അംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ട എട്ട് രൂപാ നിരക്കിലും ബാക്കി ഗോതമ്പും ലഭിക്കും. റാഗി വിതരണം ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിൽ നാലംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ട, ഒരു കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ ഒരു പാക്കറ്റ് റാഗി, അഞ്ചംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ട, രണ്ട് കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ 10 രൂപാ നിരക്കിൽ ഒരു പാക്കറ്റ് റാഗിയും ഒരു കിലോഗ്രാം ഗോതമ്പും, ആറംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ട, മൂന്ന് കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ ഒരു പാക്കറ്റ് റാഗിയും രണ്ട് കിലോഗ്രാം ഗോതമ്പും ലഭിക്കും
പൊതുവിഭാഗം സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപാ നിരക്കിലും, പരമാവധി രണ്ട് പാക്കറ്റ് ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭ്യതക്കനുസരിച്ച് ലഭിക്കും.
പൊതുവിഭാഗം നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിന് 10 കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും, പരമാവധ രണ്ട് പാക്കറ്റ് ആട്ട കിലോക്ക് 17 രൂപാ നിരക്കിൽ ലഭ്യതക്കനുസരിച്ചും ലഭിക്കും. പൊതുവിഭാഗം കാർഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും ഒരു പാക്കറ്റ് ആട്ട 17 രൂപാ നിരക്കിൽ ലഭ്യതക്കനുസരിച്ചും ലഭിക്കും.
ദർഘാസ്
തലശ്ശേരി ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 146 അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ 26ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0490 2344488
ജനകീയ ഹരിത ഓഡിറ്റിംഗ് പരിശീലനം നൽകി
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ജനകീയ ഹരിത ഓഡിറ്റിംഗ് പരിശീലകർക്കുള്ള പരിശീലനം നൽകി. ജില്ലാ ആസൂത്രണ സമിതി ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എം സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കില ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്നാകരൻ, ഹരിത കേരള മിഷൻ ജില്ല കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ഇ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ഹരിത ഓഡിറ്റിംഗിന് നേതൃത്വം നൽകുന്ന ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ, കില എന്നിവിടങ്ങളിൽ നിന്നുള്ള പരിശീലകർ പരിപാടിയിൽ പങ്കെടുത്തു.
വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തെരു ഒന്ന്, രണ്ട്, അഞ്ജു ഫാബ്രിക്കേഷൻ, പി വി എൻ, ഹിൽ ടോപ്, ഇ എസ് ഐ, മാർവ ടവർ, വൻകുളത്ത് വയൽ, ടൈഗർ മുക്ക്, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, ഗോവിന്ദൻ കട എന്നീ ഭാഗങ്ങളിൽ ജൂൺ 14ന് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി സെക്ഷന് കീഴിൽ ചെമ്പേരി, ചെമ്പേരി മാർക്കറ്റ്, വളയം കുണ്ട്, എടമന എന്നിവിടങ്ങളിൽ രാവിലെ ജൂൺ 14ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
എസ് ടി പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർ നിയമനം
പട്ടികവർഗ വികസന വകുപ്പിൽ ജില്ലയിലെ ഐ ടി ഡി പി ഓഫീസിന് കീഴിൽ നിലവിലുള്ള എസ് ടി പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർമാരുടെ താൽകാലിക നിയമനത്തിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന്
അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്കും 20നും 40നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. പി വി റ്റി ജി/ പണിയ/ അടിയ/ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് പാസ്സായാൽ മതി. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പാസായവർക്കും ആയുർവേദ/ പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് മുൻഗണന ലഭിക്കും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി രണ്ട് വർഷം. അപേക്ഷയിൽ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കണം. ഒരാൾ ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കരുത്. അവസാന തീയതി ജൂൺ 20ന് വൈകുന്നേരം 5മണി വരെ. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ഐ ടി ഡി പി ഓഫീസ്, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ ഓഫീസുകളിലോ ആറളം ഫാം ടി ആർ ഡി എം ഓഫീസിലോ ബന്ധപ്പെടുക. ഫോൺ. 0497 2700357.
വിധവകൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം
കണ്ണൂർ ഗവ ഐ ടി ഐയും ഡിസ്ട്രിക്ട് സ്കിൽ കമ്മറ്റിയും സംയുക്തമായി നടത്തുന്ന വിധവകൾക്കുള്ള സൗജന്യ ഡ്രൈവിംഗ് പരിശീലനത്തിന് (നാല് ചക്രം) അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. ഫോൺ. 0497 2835183.
ദർഘാസ്
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലുകളിലെ കേടായ വാട്ടർ ക്ലോസെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ അഞ്ച് ഉച്ചക്ക് രണ്ടു മണി വരെ സ്വീകരിക്കും.
സെൻട്രൽ ജയിലിൽ ലേലം
കണ്ണൂർ സെൻട്രൽ ജയിൽ ഡയറി ഫാമിൽ വളർത്തുന്ന ഒരു വയസ്സിൽ കൂടുതൽ പ്രായമുള്ള ഏഴ് കാളക്കുട്ടന്മാരെയും പ്രത്യുൽപ്പാദന ശേഷിയില്ലാത്ത ഒരു പശുവിനെയും ജൂൺ 24ന് രാവിലെ 11 മണിക്ക് ജയിൽ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. ഫോൺ: 0497 2746141, 2747180.
പോലീസ് പരാതി അതോറിറ്റി സിറ്റിംഗ് ജൂൺ 16ന്
ജില്ലാ പോലീസ് പരാതി അതോറിറ്റി സിറ്റിംഗ് ജൂൺ 16ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പരാതി സമർപ്പിച്ചവർ കൃത്യസമയത്ത് ഹാജരാകണം.
ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി
ഇരിട്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജൂൺ 15ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ജൂൺ 17ലേക്ക് മാറ്റി. ജൂൺ 16ന് രാവിലെ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് പരീക്ഷ അന്നേ ദിവസം രണ്ട് മണിക്ക് നടത്തുമെന്ന് ഇരിട്ടി ജോയിന്റ് ആർ ടി ഒ അറിയിച്ചു. ഫോൺ. 0490 2490001.
സ്വാതന്ത്ര്യ സമര സേനാനി എം രാജനെ ആദരിക്കുന്നു
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി എം രാജനെ ജൂൺ 14ന് ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ധർമടം പാലയാടുള്ള വീട്ടിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ആദരിക്കും.
ഐ എച്ച് ആർ ഡി ഡിപ്ലോമ: സംശയങ്ങൾക്ക് വിളിക്കാം
ഐ എച്ച് ആർ ഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലും, പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലും 2023-24 അധ്യയന വർഷത്തിൽ വിവിധ ഡിപ്ലോമ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും, കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും നേരിട്ടോ, ഫോൺ വഴിയോ ബന്ധപ്പെടാം. കരുനാഗപ്പള്ളി - (0476-2623597, 8547005083), മറ്റക്കര - (0481-2542022, 8547005081), പൈനാവ് - (04862-2322460, 8547005084), മാള - (0480-2720746, 8547005080), കുഴൽമന്ദം - (04922-2729007, 8547005086), വടകര - (0496-2524920, 8547005079), കല്യാശ്ശേരി - (0497-2780287, 8547005082), പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് - (8547005035, 9562401737). യോഗ്യത. എസ് എസ് എൽ സി/ പ്ലസ് ടു പാസ്.
എസ് സി പ്രമോട്ടർ നിയമനം
ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതിയിൽപെട്ടവരായിരിക്കണം. പ്രായപരിധി 18-40. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ല പട്ടികജാതി വികസന ഓഫീസിൽ ജൂൺ 20 നകം അപേക്ഷ നൽകണം. ഫോൺ. 0497 2700596. ഇമെയിൽ ddoscknr@gmail.com.
റസ്ക്യൂ ഗാർഡ് നിയമനം
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജൂൺ മുതൽ ജൂലൈ 31 വരെ കടൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പ് റസ്ക്യൂ ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 16ന് രാവിലെ 10.30ന് കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം ലഭിച്ചവരും, കണ്ണൂർ ജില്ലയിൽ സ്ഥിര താമസക്കാരുമായവർക്ക് പങ്കെടുക്കാം. കടൽരക്ഷാപ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം എത്തുക. ഫോൺ: 0497 2732487, 9496007039.
വിദ്യാഭ്യാസ ധനസഹായം അപേക്ഷ ക്ഷണിച്ചു
കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് 2022-23 അധ്യയന വർഷം സംസ്ഥാന സിലബസിൽ എസ് എസ് എൽ സി/ റ്റി എച്ച് എസ് എൽ സി പരീക്ഷയിൽ 80 ശതമാനം (എസ് ടി/എസ് സി വിഭാഗത്തിന് 75 ശതമാനം) മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും, സംസ്ഥാന സിലബസിൽ ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷയിൽ 90 ശതമാനം (എസ് ടി/എസ് സി വിഭാഗത്തിന് 85 ശതമാനം) മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജൂലൈ 20ന് മൂന്ന് മണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷാഫോറം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ. 0497 2712549.
ട്രേഡ്സ്മാൻ നിയമനം
കണ്ണൂർ ഗവ പോളിടെക്നിക്ക് കോളേജിൽ 2023-24 അധ്യയനവർഷത്തേക്ക് ട്രേഡ്സ്മാൻ-കാർപ്പന്ററി, സിവിൽ, വെൽഡിംഗ്, സ്മിത്തി, ഇലക്ട്രിക്കൽ, ടെക്സ്റ്റയിൽ, ഡെമോസ്ട്രറ്റർ-ഇലക്ട്രിക്കൽ, സിവിൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയ
മനം നടത്തുന്നു. ട്രേഡ്സ്മാൻ തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിലുള്ള എൻ സി വി റ്റി സർട്ടിഫിക്കറ്റ്/ കെ ജി സി ഇ തത്തുല്യ സർട്ടിഫിക്കറ്റും മറ്റ് തസ്തികയിൽ ത്രിവത്സര ഡിപ്ലോമ സർട്ടിഫിക്കറ്റ്/ തത്തുല്യ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 20ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
- Log in to post comments