കേരള അഗ്രോ ; കിയോസ്കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു
കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വാണിജ്യ ശൃംഖലകള്‍ മുഖേന ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൊല്ലം സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച കിയോസ്ക്കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു. ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തനത് വിളകള്‍ നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും ഓണ്‍ലൈന്‍ വിപണനം സഹായകരമാകുമെന്ന് കലക്ടര്‍ പറഞ്ഞു.
കാര്‍ഷികവകുപ്പിന്റെ കേരള അഗ്രോ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കിയോസ്കില്‍ സജ്ജീകരിച്ചിട്ടുള്ള ക്യു ആര് കോഡ് മുഖേനെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ കര്‍ഷകര്‍, കാര്‍ഷിക സംഘങ്ങള്‍, ഫാം യൂണിറ്റുകള്‍ എന്നിവ ഉത്പാദിപ്പിച്ച തനത് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ന്യായവിലയില്‍ ഓണ്‍ലൈന്‍ വ്യവസായ ശൃംഖലകളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കും. ജില്ലയില്‍ കൊല്ലം സിവില്‍ സ്റ്റേഷന്, ജില്ലാ കൃഷി ഓഫീസ്, കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളിലാണ് നിലവില്‍ കേരള അഗ്രോയുടെ കിയോസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കൃഷി ഓഫീസര്‍ എ ജെ സുനില്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അനില്‍കുമാര്‍, എസ് ഗീത, അനീസ, മാര്‍ക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments