Skip to main content

വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം: ജില്ലാതല യോഗം ചേർന്നു

 

വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ  വിലയിരുത്തുന്നതിന് എ ഡി എം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ
ജില്ലാ തല സ്റ്റുഡൻസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം ചേർന്നു.
അൺ എയ്ഡഡ് മേഖലയിലെ വിദ്യാർഥികൾക്ക് യാത്രാ ഇളവിനായുള്ള പാസുകൾ അനുവദിക്കുന്നതിന് ബസ്സുടമകൾ, സംഘടനാ ഭാരവാഹികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, കോളേജ് പ്രതിനിധികൾ,ആർ ടി ഒ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി എല്ലാ ബുധനാഴ്ചയും  ഉച്ചക്ക് യോഗം ചേരും. ഈ യോഗത്തിൽ സ്ഥാപനങ്ങളെ പറ്റി അന്വേഷണം നടത്തി അംഗീകാരമുള്ള കോഴ്സുകൾക്കും, സ്ഥാപനങ്ങൾക്കും യാത്ര പാസ്സ് അനുവദിക്കാൻ തീരുമാനമായി.

വിദ്യാർത്ഥികൾ ബസ്സിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബോധവൽക്കരണ ക്ലാസ് നൽകും. വിദ്യാർത്ഥികളെ ബസ് പുറപ്പെട്ടതിന് ശേഷം കയറ്റുക, ക്യൂ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ അനുവദനീയമല്ലെന്നും വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ പരാതി ലഭിക്കുന്ന മുറക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത് തുടരാനും യോഗത്തിൽ തീരുമാനമായി.

യാത്ര പാസ് അനുവദിക്കുന്നത് വരെ പഴയത്  ഉപയോഗിച്ച് യാത്ര ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്ന വിദ്യാർത്ഥി പ്രതിനിധികളുടെ അഭ്യർത്ഥന യോഗം അംഗീകരിച്ചു.

ട്യൂഷൻ സെന്ററുകൾ, എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുവാൻ വിദ്യാർഥികൾ യാത്രാ പാസ് ഉപയോഗിക്കുന്നത് അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയാണ്. ഇക്കാര്യം സ്കൂളുകളിൽ പി ടി എ മീറ്റിംഗുകൾ മുഖേനയും പൊതുജനങ്ങളെ പത്രക്കുറിപ്പ് മുഖേനയും  അറിയിക്കാനും യോഗം തീരുമാനിച്ചു.  സ്കൂളുകളിൽ പി ടി എ മീറ്റിംഗുകളിൽ വിദ്യാർഥികളുടെ യാത്രാ പ്രശ്നങ്ങളെ പറ്റി അവബോധന ക്ലാസ്സ് നടത്തുന്നതും പരിഗണിക്കും.  ഇതിൽ തുടർ നടപടികൾ എടുക്കുവാൻ ഡി ഇ ഒ യെ ചുമതലപ്പെടുത്തി.

സ്കൂളുകളും കോളേജുകളും വിടുന്ന സമയങ്ങളിൽ കുട്ടികൾ സുരക്ഷിതരായി വാഹനത്തിൽ കൃത്യ സമയത്ത് കയറിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് സ്കൂളുകളിലെ സ്റ്റാഫ്, സ്റ്റുഡന്റ് പോലീസ് എന്നിവർ സ്കൂൾ പരിസരത്ത് ഉണ്ടെന്ന് ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. ഇത് സ്കൂളുകളുടെ പരിസരത്ത് മയക്കുമരന്നു മാഫിയയുടെ സാന്നിധ്യം ഇല്ലാതാകാനും സഹായിക്കും. 

കോഴിക്കോട് ആർ . ടി. ഒ. പി ആർ സുമേഷ്, വടകര ജോ. ആർ. ടി . ഒ എം പി ദിനേഷൻ, ഡി വൈ എസ് പി പ്രമോദ്  പി, സിറ്റി ട്രാഫിക്ക് എസ് ഐ  മുഹമ്മദ് അഷറഫ് , വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ, പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികൾ, ബസ്സുടമകളുടെ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date