നേര്‍വഴിയുടെ ദിശാബോധം നല്‍കി 'കൗമാരം കരുത്താക്കൂ' ബോധവത്ക്കരണം
പുതിയ കാലത്തില്‍ കൗമാര മനസുകള്‍ക്ക് നേര്‍വഴിയുടെ ദിശാബോധം നല്‍കി വനിത കമ്മീഷന്‍ സംഘടിപ്പിച്ച 'കൗമാരം കരുത്താക്കൂ' ബോധവത്ക്കരണ പരിപാടി. സമൂഹത്തില്‍ കൗമാര മനസുകളെ സ്വാധീനിക്കുന്ന വിപത്തുകളും അതിന്റെ അതിജീവനത്തിന്റെ വഴികളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്ന 'കൗമാരം കരുത്താക്കൂ' ബോധവത്ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ശൂരനാട് പതാരം ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഓരോ സ്‌കൂളുകളില്‍ വീതമാണ് അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീപുരുഷ തുല്യത, ലഹരിവിരുദ്ധ അവബോധം, വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കുള്ള പ്രത്യേക സെഷനും അനുബന്ധമായി നടന്നു.
വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയായി. സാമൂഹിക പ്രതിബദ്ധത പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ, പ്രിന്‍സിപ്പല്‍ എം ആര്‍ മിനി, പ്രഥമാധ്യാപിക ടി വി ശ്രീജ, പി ടി എ അധ്യക്ഷന്‍ ശിവന്‍ ശൂരനാട്, സ്‌കൂള്‍ മാനേജര്‍ ജി നന്ദകുമാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എ സഹറുദ്ധീന്‍, വാര്‍ഡ് മെമ്പര്‍ എന്‍ ഷീജ, ലീഡര്‍ എസ് രഹ്ന എന്നിവര്‍ പങ്കെടുത്തു.
- Log in to post comments