വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറി താമസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ തയാറാക്കിയ ലഘുലേഖ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്: വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനു മുന്‍പ് വൈദ്യുതിയുടേയും പാചക വാതകത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കിയ ശേഷം ബ്ലീച്ചിംഗ് പൗഡര്‍ ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും രണ്ട് സ്പൂണ്‍ ഡിറ്റര്‍ജെന്റ് പൗഡറും) ഉപയോഗിച്ച് കഴുകി അണുനശീകരണം നടത്തണം.പരിസരത്തുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണം. മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍(1000 ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍) നടത്തി ഒരു മണിക്കൂറിനു ശേഷം മാത്രം ഉപയോഗിച്ചു തുടങ്ങുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം(കുപ്പിവെള്ളം ഉള്‍പ്പെടെ). ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ പാചകം ചെയ്യുന്നതിന് ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം ഉപയോഗിക്കണം.പഴകിയ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്. കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ധരിക്കണം. മലിനജലത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നവര്‍ എലിനപ്പനിക്കെതിരേയുള്ള പ്രതിരോധ മരുന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറുടെ സേവനം തേടണം. (പിഎന്‍പി 2321/18)
- Log in to post comments