വീടുകളിലേക്ക് മടങ്ങാം, കരുതലോടെ
വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് തിരിച്ചു പോകുന്ന സമയമാണ്. കുടിക്കാനുപയോഗിക്കുന്ന വെള്ളം ശുദ്ധമാക്കുക. മാലിന്യങ്ങള്‍ നീക്കുക, പരിസരം അണുവിമുക്തമാക്കുക, ലഭ്യമായ വെള്ളം അണുവിമുക്തമാകുന്നതിനുള്ള രീതികള്‍ ചുവടെ ചേര്‍ക്കുന്നു.
വീടുകളില്‍ ക്ലോറിനേഷന്‍ ചെയ്യേണ്ട രീതി:
കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിലും എളുപ്പം വീട്ടിലെ ടാങ്കിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതാണ്. ക്ലോറിന്‍ ടാബ്ലറ്റ്, സ്റ്റോക്ക് ക്‌ളോറിന്‍ സൊല്യൂഷന്‍, ബ്ലീച്ചിങ് പൗഡര്‍, സോഡിയം ഹൈഡ്രോകാര്‍ബൈഡ് സൊല്യൂഷന്‍, കംബൈന്‍ ക്‌ളോറിന്‍ ടാബ്ലറ്റ് തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
കിണറിലെ വെള്ളം എങ്ങനെ ശുദ്ധീകരിക്കാം
വെള്ളത്തിന്റെ അളവ് അനുസരിച്ച് വൃത്തിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ ബ്ലീച്ചിംഗ് പൗഡര്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. നന്നായി കുഴമ്പ് ആയ ശേഷം, 10 - 25 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. 30 മിനിറ്റ് അനക്കാതെ വെക്കുക. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പാകത്തില്‍ ബക്കറ്റ് മൂടിവെക്കണം. വെള്ളം കോരുന്ന ബക്കറ്റിലേക്ക് തെളിവെള്ളം ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക. കുഴല്‍കിണറുകളില്‍ പമ്പ് ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്താം. ബ്ലീച്ചിങ് പൗഡറിന് പകരം സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷന്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍, ഇളക്കുകയോ അടിയാന്‍ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല.
നിവൃത്തിയാല്ലാത്ത സാഹചര്യത്തില്‍ പ്രളയ ജലത്തില്‍ നിന്ന് കുടിവെള്ളം തയ്യാറാക്കാവുന്നതാണ്. അതിനുള്ള മാര്‍ഗം ചുവടെ ചേര്‍ക്കുന്നു.
15 ലിറ്റര്‍ ശേഷിയുള്ള വൃത്തിയുള്ള ഒരു ബക്കറ്റ് എടുക്കുക. അതില്‍ 10 ലിറ്റര്‍ വെള്ളംനിറക്കുക. അതിലേക്കു 1 ടീസ്പൂണ്‍ കാരം (ആലം) ചേര്‍ക്കുക. അതിനു ശേഷം, അര ടീസ്പൂണ്‍ ചുണ്ണാമ്പ് ചേര്‍ക്കുക. വൃത്തിയുള്ള ഒരു കമ്പ് ഉപയോഗിച്ച് ഒരു മിനിറ്റ് നേരം നന്നായി ഇളക്കുക. പിന്നീട് 5 മിനിറ്റ് പതിയെ ഇളക്കുക.ശേഷം ബക്കറ്റ് 30 മിനിറ്റ് അനക്കാതെ വെക്കുക. വൃത്തിയുള്ള ഒരു തോര്‍ത്ത് ഉപയോഗിച്ച് തെളിഞ്ഞ വെള്ളം അരിച്ച ശേഷം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. തയ്യാറാക്കി വെച്ചിട്ടുള്ള 1% വീര്യമുള്ള ക്‌ളോറിന്‍ ദ്രാവകത്തില്‍ നിന്ന് 20 മില്ലി ലിറ്റര്‍ അരിച്ചെടുത്ത വെള്ളത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. 30 മിനിറ്റ് ബക്കറ്റ് മൂടി വെച്ച ശേഷം ഈ വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളത്തിലെ ക്ലോറിന്റെ അളവ് ലിറ്ററില്‍ 0.2 മുതല്‍ 0.5 മില്ലി ഗ്രാം ആയിരിക്കേണം.
1 % വീര്യമുള്ള ക്ലോറിന്‍ ദ്രാവകം തയ്യാറാക്കുന്ന വിധം:
ഒരു ലിറ്റര്‍ ശേഷിയുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. 9 ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ഒഴിച്ച് ഇതിനെ ഒരു ലിറ്റര്‍ ദ്രാവകം ആക്കുക. 10 മിനിറ്റ് നേരത്തേക്ക് അനക്കാതെ ഭദ്രമായി മൂടി വയ്ക്കുക. തെളിഞ്ഞ ക്‌ളോറിന്‍ ദ്രാവകം നിറമുള്ള ഗ്‌ളാസ് കുപ്പിയില്‍ ഒഴിച്ച സൂര്യപ്രകാശം ഏല്‍ക്കാത്തതും ഈര്‍പ്പമില്ലാത്തതും ആയ സ്ഥലത്ത് നന്നായി അടച്ച് സൂക്ഷിക്കുക. ക്ലോറിന്‍ ദ്രാവകം ഓരോ ദിവസവും പുതിയതായി തയ്യാറാക്കുക.
ഡിസിഎസ് ബ്ലീച്ച് ലായനി തയ്യാറാക്കാം
പത്ത് ലിറ്റര്‍ വെള്ളത്ില്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ അലക്ക് കാരവും 150 ഗ്രാം ബ്ലീ്ച്ചിങ് പൗഡറും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഈ മിശ്രിതത്തില്‍ ആവശ്യാനുസരണം വെള്‌ലം ചേര്‍ത്ത് നന്നായി ഇളക്കുക. പത്ത് മിനുട്ട് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ ലായനി മറ്റൊരു ബക്കറ്റിലേക്ക് ഒഴിക്കുക. ഈ ലായനി വീടിന്റെ തറ, ഭിത്തി, മറ്റ് പ്രതലങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം.
വെള്ളം കയറിയ സ്ഥലങ്ങളില്‍ നടക്കുമ്പോള്‍ ശ്രദ്ധിക്കുക
കാഴ്ചകള്‍ കാണാനുള്ള യാത്ര ഒഴിവാക്കുക.
റബ്ബര്‍ ഗം ബൂട്ടുകളും കയ്യുറകളും ധരിക്കുക
ഒറ്റയ്ക്ക് നടക്കാതിരിക്കുക
പൊലീസ് ബാരിക്കേഡുകളും തടസ്സങ്ങളും മറികടക്കാതിരിക്കുക
പുഴയുടെ തീരങ്ങളില്‍ ചതുപ്പുണ്ടാകാം. വടി ഉപയോഗിച്ച് മണ്ണിന്റെ ബലം ഉറപ്പാക്കിയ ശേഷം നടക്കുക
പ്രളയജലത്തില്‍ വന്നടിഞ്ഞ മാലിന്യം വേര്‍തിരിക്കാം
വേര്‍തിരിച്ച മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. പലതും റീസൈക്കിള്‍ ചെയ്യാനാവുന്നതാണെന്ന് മനസ്സിലാക്കി അവ തരം തിരിച്ച് വെയ്ക്കുക.
1. പ്ലാസ്റ്റിക്, തെര്‍മോകോള്‍, റബ്ബര്‍
2. തുണി, മരത്തടി, കമ്പുകള്‍, മരത്തിന്റെ മറ്റ് സാമഗ്രികള്‍
3. ലോഹങ്ങള്‍, ചില്ല്. കുപ്പി
4. ഇലക്ട്രിക്, ഇലക്ട്രോണിക് ഉല്പന്നങ്ങള്‍
4. ജന്തുക്കളുടെ ജഡങ്ങള്‍, ചീഞ്ഞളിഞ്ഞ സസ്യങ്ങള്‍, കേടായ ഭക്ഷ്യവസ്തുക്കള്‍, ചെളി.
ജൈവമാലിന്യം ഉടന്‍ സംസ്‌കരിക്കാം
ഏറ്റവും ആദ്യം കൈകാര്യം ചെയ്യേണ്ടത് ജൈവമാലിന്യങ്ങളാണ്. ജന്തുക്കളുടെ ജഡം, ചീഞ്ഞളിഞ്ഞ സസ്യങ്ങള്‍, കേടുവന്ന ഭക്ഷ്യവസ്തുക്കള്‍, ആശുപത്രി മാലിന്യം എന്നിവ ഉടന്‍ നീക്കം ചെയ്യണം. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ഇത് അനിവാര്യമാണ്. വീ്ടടുവളപ്പില്‍ സ്ഥലമുള്ളവര്‍ക്ക് നാലടി ആഴത്തില്‍ കുഴിയെടുത്ത് ഇത്തരം മാലിന്യം മൂടാവുന്നതാണ്. മാലിന്യത്തിനുമുകളില്‍ ബ്ലീച്ചിങ് ലായനി ഒഴിക്കണം. പിന്നീട് കട്ടിയില്‍ മണ്ണിട്ട് മൂടണം. കിണറുകള്‍ക്കടുത്ത് മാലിന്യം കുഴിച്ചുമൂടാതിരി്കകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രി മാലിന്യങ്ങള്‍ അംഗീകൃത ഏജന്‍സികളെ ഏല്പിക്കണം. പ്ലാസ്റ്റിക് കവറുകളിലിട്ട് ജൈവമാലിന്യം സംസ്‌കരിക്കരുത്.
കിണര്‍ വൃത്തിയാക്കാം
തെളിഞ്ഞ വെള്ളമെല്ലാം ശുദ്ധമാണെന്ന് കരുതരുത്. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്ത ശേഷം മാത്രം വെള്ളം ഉപയോഗിക്കുക. ഒരു റിങ് വെള്ളത്തിന് ഒരു തീപ്പെട്ടിക്കൂട് എന്ന കണക്കിലാണ് ക്ലോറിന്‍ ചേര്‍ക്കേണ്ടത്. കലക്കി ഊറിയ ശേഷം മാത്രം കിണറില്‍ ഒഴിക്കുക. നന്നായി ഇളക്കണം. ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാം. അളവ് കൂടിയതുകൊണ്ട് പ്രശ്‌നമില്ല. ഒരിക്കലും കുറവ് വരുത്തരുത്. രൂക്ഷ ഗന്ധമുണ്ടെങ്കില്‍ ഒരു ദിവസം കാത്തിരുന്ന ശേഷം ഉപയോഗിക്കുക .
- Log in to post comments