Skip to main content

ജില്ലയില്‍ പത്ത് ദിവസത്തിനകം വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി

 

വെള്ളപ്പൊക്കത്തില്‍ തകരാറിലായ  വൈദ്യുത വിതരണ സംവിധാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് പത്ത് ദിവസത്തിനകം വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെ എസ് ഇ ബി. ഇതിനായി തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നായി 150 ഓളം വര്‍ക്കര്‍മാരെ അധികമായി നിയമിച്ചു. പരിചയസമ്പന്നരായ  കോണ്‍ട്രാക്ടര്‍മാരെയും കൂടുതലായി നിയമിച്ചിട്ടുണ്ട്. ആകെ 59636 കണക്ഷനുകളാണ് പ്രളയവുമായി ബന്ധപ്പെട്ട് തകരാറിലായത്. 2200 വൈദ്യുത പോസ്റ്റുകള്‍ തകരാറിലായി. 228 ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി പ്രവര്‍ത്തനരഹിതമായി. ഇതില്‍ 125 ട്രാന്‍സ്‌ഫോര്‍മറുകള്‍ പൂര്‍ണമായും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലേക്ക് നല്‍കുന്നതിന് കെല്‍ നിര്‍മിച്ച്  സൂക്ഷിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഉപയോഗപ്പെടുത്തും. 75 ട്രാന്‍സ് ഫോര്‍മറുകള്‍ ഇതിനോടകം ജില്ലയില്‍ എത്തിക്കഴിഞ്ഞു. തകരാര്‍ സംഭവിച്ച ട്രാന്‍സ്‌ഫോര്‍മറുകളുടെ അറ്റകുറ്റപ്പണികള്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ പരിഹരിക്കും. കക്കാട്, റാന്നി, പന്തളം, കോഴഞ്ചേരി, ആറന്‍മുള, റാന്നി തുടങ്ങയ സ്ഥലങ്ങളിലാണ് കൂടുതലായി വൈദ്യുത തകരാര്‍ സംഭവിച്ചിട്ടുള്ളത്.  

പമ്പയില്‍ 500 ഓളം സ്ട്രീറ്റ് ലൈറ്റുകള്‍ തകരുകയും 40 തൂണുകള്‍ക്ക് കേടുപറ്റുകയും ചെയ്തു. ഒരു കിലോമീറ്റര്‍ നീളത്തില്‍ ലൈനുകള്‍ ഒഴികിപ്പോയിട്ടുമുണ്ട്. അടുത്ത സീസണ് മുന്‍പ് തന്നെ പമ്പയിലെ വൈദ്യുത അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. വെള്ളപ്പൊക്കത്തില്‍ തകരാറ് സംഭവിച്ച വീടുകളിലെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി സിംഗിള്‍ കണക്ഷന്‍ നല്‍കാനുള്ള സംവിധാനവും കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്.

        (പിഎന്‍പി 2345/18)

date