Skip to main content

എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 26ന്

റാന്നിയുടെ പടിഞ്ഞാറന്‍  മേഖലയ്ക്ക് ആശ്വാസമായി എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കമാവുകയാണ്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 26ന് രാവിലെ 11ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും.
       നബാര്‍ഡ് ഫണ്ടില്‍ നിന്നും 6.80 കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഫണ്ടില്‍ നിന്നും 1.20 കോടി രൂപയും ഉള്‍പ്പെടെ എട്ടു കോടിരൂപ ചിലവഴിച്ചാണ്  17000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്.
     1944 ല്‍ ഇംഗ്ലീഷ് ഡിസ്പെന്‍സറിയായി ആണ് 55 സെന്റ് സ്ഥലത്ത് എഴുമറ്റൂര്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിരുന്നു. എന്നാല്‍, കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വൃദ്ധസദനത്തിലേക്ക് ആശുപത്രി താത്ക്കാലികമായി മാറ്റിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് ആശുപത്രിയുടെ ദുരാവസ്ഥ നേരില്‍ കണ്ട് മനസിലാക്കിയ എംഎല്‍എ പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ ഫണ്ട് അനുവദിക്കുന്ന നടപടികള്‍ ധ്രുതഗതിയിലാക്കി. എന്നാല്‍, പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് നേരിട്ട സാങ്കേതിക തടസങ്ങളാണ് നിര്‍മാണം വൈകിക്കാന്‍ ഇടയാക്കിയത്.
      കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പ്രത്യേക വിഭാഗവും രോഗികള്‍ക്ക് ഒപ്പം എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള വിശ്രമകേന്ദ്രവും മുകള്‍ നിലകളിലേക്ക് പോകാന്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ റാന്നിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഗ്രാമവാസികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനാകും.

date